കുറ്റിപ്പുറം: വാഹനത്തില്‍ സൂക്ഷിക്കേണ്ട രേഖകളെക്കുറിച്ചും പരിശോധനാ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം സംബന്ധിച്ചും ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

പൊതുസ്ഥലത്ത് മോട്ടോര്‍ വാഹനമോടിക്കുന്നവര്‍ ഡ്രൈവിങ് ലൈസന്‍സിന്റെ അസല്‍രേഖ യൂണിഫോംധരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ പരിശോധനയ്ക്ക് ഹാജരാക്കണം. ഡ്രൈവിങ് ലൈസന്‍സ് നിയമപ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥന് സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഡ്രൈവിങ് ലൈസന്‍സ് പിടിച്ചെടുത്ത സാഹചര്യത്തിലും പ്രസ്തുത ഉദ്യോഗസ്ഥന്‍ നല്‍കിയ രശീതി അസല്‍ ലൈസന്‍സിന് പകരമായി ഹാജരാക്കാം. പിന്നീട്, നിശ്ചിത സമയപരിധിക്കുള്ളില്‍ അസല്‍ ലൈസന്‍സ് ഹാജരാക്കിയാല്‍മതി.

ഈ സാഹചര്യങ്ങളിലല്ലാതെ അസല്‍ ഡ്രൈവിങ് ലൈസന്‍സിന് പകരമായി യാതൊരു രേഖയും ഹാജരാക്കാവുന്നതല്ല. അതുകൊണ്ടുതന്നെ അസല്‍ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാണെന്നും അല്ലാത്തപക്ഷം ശിക്ഷ നല്‍കാനുമാണ് ഡി.ജി.പിയുടെ നിര്‍ദേശം. വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സി വാഹനങ്ങളാണെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും തുടങ്ങിയ രേഖകളും യൂനിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന് ആവശ്യപ്പെടാവുന്നതാണ്.

വാഹനം പിടിച്ചെടുക്കുകയോ തടഞ്ഞുവെയ്ക്കുകയോ ചെയ്യുന്നത് സംബന്ധിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ്, പ്രായപരിധി എന്നിവ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വാഹനം ഉപയോഗിക്കുക, പെര്‍മിറ്റില്ലാതെ വാഹനം ഉപയോഗിക്കുക തുടങ്ങിയ സാഹചര്യത്തില്‍ വാഹനം പിടിച്ചെടുക്കുന്നതിനുപകരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്ത് രശീതി നല്‍കുന്നതിനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുള്ളത് പ്രത്യേകം ശ്രദ്ധിക്കാനും നിര്‍ദേശംനല്‍കിയിട്ടുണ്ട്.