കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിച്ചത്. ഒക്ടോബർ ആറാം തീയതി വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്.

പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് കൊട്ടിയത്തെ യുവതി വീട്ടിൽ ജീവനൊടുക്കിയത്. സെപ്റ്റംബർ മൂന്നാം തീയതിയായിരുന്നു സംഭവം. കേസിൽ പ്രതിശ്രുത വരൻ ഹാരിഷ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മാതാപിതാക്കൾക്കും സഹോദരനും സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം.

വിവാഹനിശ്ചയത്തിന് ശേഷം യുവതിയുടെ വീട്ടുകാരിൽനിന്ന് ഹാരിഷ് മുഹമ്മദ് പണവും സ്വർണവും കൈക്കലാക്കിയിരുന്നു. ലക്ഷ്മി പ്രമോദും ഹാരിഷും പലയിടത്തും യുവതിയെ കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ ഗർഭിണിയായ യുവതിയെ ലക്ഷ്മി പ്രമോദും ഹാരിഷ് മുഹമ്മദും ചേർന്നാണ് എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്തിയതെന്നും പരാതിയിലുണ്ടായിരുന്നു.

ഏറെ കോളിളക്കമുണ്ടാക്കിയ കേസ് നിലവിൽ സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അന്വേഷണച്ചുമതലയുള്ള പത്തനംതിട്ട എസ്.പി. കെ.ജി. സൈമൺ കഴിഞ്ഞദിവസം കൊട്ടിയത്ത് എത്തി യുവതിയുടെ കുടുംബാംഗങ്ങളിൽനിന്ന് മൊഴിയെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:kottiyam suicide case court allowed interim bail for serial actress lakshmi pramod