കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിൽ മനംനൊന്ത് കൊട്ടിയം സ്വദേശിനിയായ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദും ഭർത്താവും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി പരിഗണിക്കുന്നത് 23-ലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് ഇവർ ഹർജി നൽകിയത്. ചൊവ്വാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോൾ പോലീസ് സമയം ചോദിച്ചതിനാൽ 23-ലേക്ക് മാറ്റുകയായിരുന്നു.

പ്രതി ഹാരിഷിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ഇവരെയും ഭർത്താവിനെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. യുവതിയെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചെന്നും ഇവർക്കെതിരേ ആരോപണം ഉണ്ടായിരുന്നു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ മൂന്നിനാണ് വാളത്തുംഗൽ സ്വദേശിനിയായ യുവതി കൊട്ടിയത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ചത്. ഹാരിഷും യുവതിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും വളയിടീൽ ചടങ്ങും കഴിഞ്ഞിരുന്നു. പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കേസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:kottiyam suicide case actress lakshmi pramod and husband filed anticipatory bail plea