കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിൽ നടി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റംസിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സീരിയൽ നടി ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ, ഭർതൃമാതാവ് ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയതെന്ന് റംസിയുടെ പിതാവ് റഹീം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് തീരുമാനം. ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്താലേ മകളുടെ മരണത്തിന് പിന്നിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ചെറിയ വീഴ്ചയാണ് ജാമ്യം ലഭിക്കാൻ കാരണമായതെന്നും റംസിയുടെ പിതാവ് പറഞ്ഞു.

തിങ്കളാഴ്ചയാണ് ലക്ഷ്മി പ്രമോദ് അടക്കമുള്ള മൂന്ന് പേർക്കും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 15-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അറസ്റ്റ് രേഖപ്പെടുത്തിയാൽ 30000 രൂപയുടെ ബോണ്ടിന്മേൽ രണ്ടുപേരുടെ ജാമ്യത്തിൽ വിടണം, സംസ്ഥാനം വിട്ടുപോകാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതിനിടെ, ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ ബുധനാഴ്ച ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്നാണ് റംസി ജീവനൊടുക്കിയത്. കേസിൽ പ്രതിശ്രുത വരനായ ഹാരിഷ് മുഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഹാരിഷിന്റെ സഹോദരന്റെ ഭാര്യ ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ, ഭർതൃമാതാവ് എന്നിവർക്കും സംഭവത്തിൽ പങ്കുള്ളതായാണ് റംസിയുടെ കുടുംബത്തിന്റെ ആരോപണം.

റംസിയെ പലതവണ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതും എറണാകുളത്ത് ഗർഭഛിദ്രം നടത്തിയതും ലക്ഷ്മിയുടെ നേതൃത്വത്തിലാണെന്നും ഇവർ ആരോപിക്കുന്നു. ഹാരിഷിന്റെ മാതാവ് അടക്കമുള്ളവർ റംസിയെ മാനസികമായി പീഡിപ്പിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. ഏറെ വിവാദമായ കേസിൽ നിലവിൽ എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്.

Content Highlights:kottiyam ramsi suicide case family approached high court against lakshmi pramods bail order