ന്യൂഡല്‍ഹി:  കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നോട്ടീസ് അയച്ചു. ജോളിയെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും നിര്‍ദേശമുണ്ട്.

കൂടത്തായി കൊലപാതക പരമ്പരയില്‍ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് കേരള ഹൈക്കോടതി ജോളിക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ പ്രധാന സാക്ഷികള്‍ ഒന്നാം പ്രതിയുടെ അടുത്ത ബന്ധുക്കളാണെന്നും ഇവരെ ജോളി സ്വാധീനിക്കുന്നത് തടയാന്‍ ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്ത്, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷോണ്‍കര്‍ എന്നിവര്‍ ഹാജരായി.

Content Highlights: koodathayi murder case supreme court given stay order for jollys bail