കോഴിക്കോട്:  കൂടത്തായി സീരിയലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതിയുടെ സഹായം തേടി പ്രതിഭാഗം. സിഡി കാണാന്‍ അനുവാദം ചോദിച്ച് കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കി.  സിഡി നല്‍കാന്‍ സ്വകാര്യ ചാനലിന് നിര്‍ദേശം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. 

കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താന്‍ അനുവദിക്കണമെന്ന അഡ്വ. ബിഎ ആളൂരിന്റെ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതിഭാഗം പുതിയ അപേക്ഷ നല്‍കിയത്. കൂടത്തായി കേസിനെ ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയല്‍ തന്നേയും വീട്ടുകാരേയും മോശമായാണ് ചിത്രീകരിക്കുന്നതെന്നും മക്കളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാണെന്നും പറഞ്ഞാണ്  കേസിലെ ഒന്നാം പ്രതി ജോളി കോടതിയെ സമീപിച്ചത്. 

ചാനലിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതിനാല്‍ സീരിയലിന്റെ സിഡി കാണാന്‍ അനുവദിക്കണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. സിഡി നല്‍കാന്‍ ചാനലിന് നിര്‍ദേശം നല്‍കണമെന്ന് ജോളിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചു. കൂടത്തായി സംഭവത്തില്‍ കേരളപോലീസ് തന്നെ വെബ്‌സീരീസുമായി വരികയാണെന്നും ആളൂര്‍ ആരോപിച്ചു. എന്നാല്‍ ഇത് ഇവിടെ പരിഗണിക്കേണ്ട  വിഷയമാണോയെന്ന് പരിശോധിക്കട്ടെയെന്ന മറുപടിയാണ് കോടതി നല്‍കിയത്. 

Content Highlights: koodathayi murder case accused jolly approaches court against koodathayi serial