കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ സിലി വധക്കേസില്‍ തിങ്കളാഴ്ച മുതല്‍ വിചാരണ നടപടികള്‍ ആരംഭിക്കും. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങുന്നത്.
2016 ജനുവരി 11 നാണ് സിലി കൊല്ലപ്പെട്ടത്. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വെച്ച് മഷ്റൂം ക്യാപ്സൂളില്‍ സയനൈഡ് നിറച്ച് ജോളി സിലിക്ക് നല്‍കിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ സയനൈഡ് കലര്‍ത്തിയ വെള്ളവും കുടിക്കാന്‍നല്‍കി. ഇവ നല്‍കുന്നതുകണ്ട് സാക്ഷികളും നേരത്തേ സയനൈഡ് നല്‍കി വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളുമെല്ലാം ഈ കേസിലുണ്ട്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം വീട്ടിലെ റോയ് തോമസ്, റോയിയുടെ മാതാവ് അന്നമ്മ തോമസ്, പിതാവ് ടോം തോമസ്, ബന്ധു മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍, ആദ്യഭാര്യ സിലി എന്നിവരാണ് കൂടത്തായിയില്‍ കൊല്ലപ്പെട്ടത്. പൊന്നാമറ്റം വീട്ടിലെ സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനൊപ്പം ജീവിക്കാനുമാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്. ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കി എം.എസ്. മാത്യു, കെ.പ്രജികുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരന്‍ പോലീസിന് നല്‍കിയ പരാതിയിലാണ് ആറ് മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്.
Content Highlights: koodathai serial murder case; train begins today