കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന അഡ്വക്കേറ്റ് ആളൂരിന്റെ ഹര്‍ജി ജില്ലാ കോടതി തള്ളി.

ജോളി പലര്‍ക്കും വായ്പ നല്‍കിയ പണം തിരിച്ചുകിട്ടാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവദിക്കണമെന്നുമുള്ള അഭിഭാഷകന്‍ ബി.എ. ആളൂരിന്റെ അപേക്ഷയാണ് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി പി. രാഗിണി തള്ളിയത്.

ഹര്‍ജി അംഗീകരിക്കരുതെന്നും അഭിഭാഷകവൃത്തിക്കും നിയമത്തിനും വിരുദ്ധമായ അപേക്ഷയാണെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുമെന്നും വ്യക്തമാക്കി പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഇത്തരം അപേക്ഷകള്‍ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ജോളിയെ ജയിലില്‍ കണ്ട് സംസാരിക്കാന്‍ മാത്രം അഭിഭാഷകനെ അനുവദിച്ച് ഹര്‍ജി തീര്‍പ്പാക്കി.

സിലി വധക്കേസില്‍ ജോളി നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി ബുധനാഴ്ച വാദം കേട്ടു. കുറ്റം നിലനില്‍ക്കില്ലെന്നും കുറ്റപത്രം ചുമത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി തെളിവായെടുക്കരുതെന്നും പ്രതിഭാഗം വാദിച്ചു. ആറു കേസിലും വെവ്വേറെ രഹസ്യമൊഴി രേഖപ്പെടുത്തണമായിരുന്നുവെന്നും ആളൂര്‍ വാദിച്ചു.

ഷാജുവിനെ സ്വന്തമാക്കാനാണ് ജോളി ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊന്നതെന്ന കാര്യം ഷാജുവിന്റെ രഹസ്യമൊഴിയില്‍ ഇല്ലെന്ന പ്രതിഭാഗം വാദത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍ എതിര്‍ത്തു. ഇക്കാര്യം ഷാജുവിന്റെ രഹസ്യമൊഴിയില്‍ വ്യക്തമായുണ്ടെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. വിടുതല്‍ ഹര്‍ജിയും കൂടത്തായി കൊലപാതകപരമ്പരയിലെ എല്ലാ കേസുകളും മാര്‍ച്ച് പത്തിന് വീണ്ടും പരിഗണിക്കും.

Content Highlights: koodathai case ba aloors plea rejected by court