കൊല്ലം : ഭാര്യയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊന്നകേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഭാര്യ സനൂജ(28)യെ കൊലപ്പെടുത്തിയ കുലശേഖരപുരം കടത്തൂര്‍ തൈക്കൂട്ടത്തില്‍ വീട്ടില്‍ അബ്ദുള്‍ സലീമി(38)നെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കണം.

2016 ജൂലായ് ആറിന് രാത്രി 11-നാണ് കേസിനാസ്പദമായ സംഭവം. ഗള്‍ഫില്‍നിന്ന് അവധിക്കുവന്നതായിരുന്നു അബ്ദുള്‍ സലീം. സംശയത്തെത്തുടര്‍ന്ന് ഇയാള്‍ ഭാര്യയോട് വഴക്കിടാറുണ്ടായിരുന്നു. വഴക്കിനിടയില്‍ സലീമിന്റെ അടിയേറ്റ് ബോധരഹിതയായ സനൂജ കിടപ്പുമുറിയിലെ ഭിത്തിയില്‍ മുഖമിടിച്ച് കമിഴ്ന്നുവീണു. തുടര്‍ന്ന് അബ്ദുള്‍ സലീം ഇളയകുട്ടിയെ കിടത്തിയിരുന്ന തൊട്ടിലിന്റെ പ്ലാസ്റ്റിക് കയറഴിച്ച് സനൂജയുടെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

സംഭവത്തിനുശേഷം തനിക്കൊരബദ്ധം പറ്റിയെന്നും സഹായിക്കണമെന്നും അപേക്ഷയുമായി ഇയാള്‍ തൊട്ടടുത്തുള്ള കുടുംബവീട്ടിലെത്തി. ചെറിയ പെരുന്നാള്‍ ദിനമായതിനാല്‍ കുടുംബവീട്ടില്‍ മാതാവിനുപുറമെ ഇളയ സഹോദരിയും ജ്യേഷ്ഠനും മറ്റൊരു സഹോദരിയും അവരുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. സഹായാഭ്യര്‍ഥന നിരസിച്ച കുടുംബാംഗങ്ങള്‍ അബ്ദുള്‍ സലീമിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ സനൂജ മരിച്ചുകിടക്കുന്നത് കണ്ടു.

വീട്ടുകാര്‍ ശാസിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ ഓടിരക്ഷപ്പെട്ട അബ്ദുള്‍ സലീം മൂന്നുമാസത്തിനുശേഷമാണ് പോലീസ് പിടിയിലായത്. കുറ്റാലത്തെ ഹോട്ടലില്‍ ഇസ്മയില്‍ എന്നപേരില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയില്‍ കുണ്ടറയിലെ സഹോദരിയുടെ വീട്ടിലെത്തിയപ്പോള്‍ സഹോദരീ ഭര്‍ത്താവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പിടികൂടുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ സനൂജയുടെ മക്കള്‍ക്ക് അഞ്ചും ഒന്നും വയസ്സുവീതമായിരുന്നു. അബ്ദുള്‍ സലീമിന് വിധിച്ച പിഴത്തുക മക്കളെ സംരക്ഷിക്കുന്ന സനൂജയുടെ മാതാവിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

ഇളയ സഹോദരി ഷൈനയും മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ഷിഹാബുദ്ദീനും അബ്ദുള്‍ സലീമിനെതിരേ പോലീസിന് നല്‍കിയ മൊഴി വിചാരണയിലും ആവര്‍ത്തിച്ചു. കരുനാഗപ്പള്ളി സി.ഐ.യായിരുന്ന എം.അനില്‍കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.മഹേന്ദ്ര, അഭിഭാഷകനായ അനോജിത്ത് എന്നിവര്‍ ഹാജരായി.