കൊല്ലം: കടവൂര്‍ ജയന്‍ കൊലക്കേസില്‍ ഒന്‍പതു പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാര്‍ വിധിച്ചു. ജാമ്യത്തിലുള്ള പ്രതികളാരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയില്ല. പ്രതികളെ ഉച്ചയ്ക്ക് 2.30-നുമുന്‍പ് അറസ്റ്റ് ചെയ്ത് കോടതി മുന്‍പാകെ ഹാജരാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. 

ഒന്നുമുതല്‍ ഒന്‍പതുവരെ പ്രതികളായ തൃക്കരുവ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ഷിജു (ഏലുമല ഷിജു), മതിലില്‍ ലാലിവിള വീട്ടില്‍ ദിനരാജ്, മതിലില്‍ അഭി നിവാസില്‍ രജനീഷ് (രഞ്ജിത്), കടവൂര്‍ തെക്കടത്ത് വീട്ടില്‍ വിനോദ്, കടവൂര്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്, കടവൂര്‍ താവറത്തുവീട്ടില്‍ സുബ്രഹ്മണ്യന്‍, കൊറ്റങ്കര ഇടയത്ത് വീട്ടില്‍ ഗോപകുമാര്‍, കടവൂര്‍ വൈക്കം താഴതില്‍ പ്രിയരാജ്, കടവൂര്‍ കിഴക്കടത്ത് ശ്രീലക്ഷ്മിയില്‍ അരുണ്‍ (ഹരി) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളെല്ലാം ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ്. 

മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ കടവൂര്‍ കോയിപ്പുറത്ത് രാജേഷിനെ (കടവൂര്‍ ജയന്‍) സംഘടനയില്‍നിന്നു തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ 2012 ഫെബ്രുവരി ഏഴിന് കടവൂര്‍ ക്ഷേത്ര ജങ്ഷനില്‍വെച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന്‍ 23 സാക്ഷികളുടെ മൊഴിയും ആറ് മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38 തൊണ്ടിമുതലുകളും രേഖകളും തെളിവിലേക്ക് ഹാജരാക്കി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപചന്ദ്രന്‍ പിള്ള, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.മഹേന്ദ്ര, അഭിഭാഷകനായ വിഭു എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. പ്രതികളുടെ വാദം കൂടുതലായി കേള്‍ക്കാന്‍ വിചാരണക്കോടതി വീണ്ടും കേസ് വെള്ളിയാഴ്ചത്തേക്ക് അവധിക്കുവെച്ചിരുന്നു. പ്രതികള്‍ ഹൈക്കോടതി മുന്‍പാകെ മൂന്നു ഹര്‍ജികള്‍ പലപ്പോഴായി ഫയല്‍ ചെയ്ത് താത്കാലിക സ്റ്റേ വാങ്ങിയതിനാല്‍ വിചാരണ പലപ്പോഴും നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു.

ശിക്ഷ വിധിക്കുന്നത് പുതിയ ജഡ്ജി

കൊല്ലം : കടവൂര്‍ ജയന്‍ വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് ട്രിബ്യൂണലിലേക്ക് മാറി. നാലാം അഡീഷണല്‍ കോടതിയില്‍ ശനിയാഴ്ചവരെയായിരുന്നു അദ്ദേഹത്തിന് ചുമതല. പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനാല്‍ പുതുതായി എത്തുന്ന ജഡ്ജിക്ക് ശിക്ഷ വിധിക്കുകയെന്ന ചുമതല മാത്രമാണുള്ളത്.

Content Highlights: kollam kadavoor jayan murder case; nine rss workers are convicted by kollam court