കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജൂണ്‍ നാലാം തീയതി വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി പ്രതികളെ വീണ്ടും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

മെയ് 25 നാണ് പുനലൂര്‍ കോടതി പ്രതികളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് അന്വേഷണ സംഘം പ്രതികളുമായി വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ അഞ്ചലിലെ വീട്ടിലും സൂരജിന്റെ അടൂരിലെ വീട്ടിലും പാമ്പുകളെ കൈമാറിയ ഏനാത്തും പോലീസ് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി. 

സൂരജിനെ ചോദ്യംചെയ്തതില്‍നിന്ന് പല സുപ്രധാന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടാമത് പാമ്പ് കടിയേറ്റ ദിവസം ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയിരുന്നതായി പ്രതി സമ്മതിച്ചിരുന്നു. ഉത്രയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും പ്രതി ലക്ഷ്യമിട്ടിരുന്നു. കേസില്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം അടക്കം നടത്തി പരമാവധി ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. പോലീസിന്റെ ഈ അപേക്ഷ പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്. 

Content Highlights: kollam anchal uthra snike bite murder case; accused custody period extends