കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യം. വാല്‍പ്പാറയില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷായ്ക്കാണ് ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത്. കേസില്‍ കുറ്റപത്രം നല്‍കിയില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഭാഗം ജാമ്യം നേടിയത്. 

പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ കുറ്റപത്രം നല്‍കിയില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോള്‍ പ്രോസിക്യൂഷനും ഇക്കാര്യം ശരിയാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ കേസില്‍ കുറ്റപത്രം വൈകിയതിനെതിരേ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, കേസില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു എന്നതാണ് സത്യം. 

ജനുവരി എട്ടാം തീയതിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സഫര്‍ ഷാ അറസ്റ്റിലാകുന്നത്. കേസില്‍ 90 ദിവസം പൂര്‍ത്തിയാകുന്ന ഏപ്രില്‍ എട്ടിന് മുമ്പ് തന്നെ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഹൈക്കോടതിയില്‍ പ്രതിഭാഗം മറച്ചുവെച്ചപ്പോള്‍ പ്രോസിക്യൂഷനും അതിനെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം, പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചുകഴിഞ്ഞു. 

എറണാകുളം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സഫര്‍ ഷാ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തമിഴ്‌നാട് അതിര്‍ത്തിയിലെ വാല്‍പ്പാറയില്‍ മൃതദേഹം ഉപേക്ഷിച്ചു. 2020 ജനുവരി ഏഴിനായിരുന്നു സംഭവം. ജനുവരി എട്ടിനാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

 

Content Highlights: kochi school student rape and murder case; accused safar sha gets bail