കൊച്ചി: വിവാഹേതര ബന്ധം ആരോപിച്ച് പരാതി നല്‍കാന്‍ ഭര്‍ത്താവിന് മാത്രമേ അര്‍ഹതയുള്ളൂവെന്ന് ഹൈക്കോടതി. വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷം ഇത്തരമൊരു ആരോപണമുന്നയിച്ച് മുന്‍ ഭര്‍ത്താവിന് പരാതി നല്‍കാനാകില്ലെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ കേസ് എടുക്കാന്‍ കോടതിക്കും കഴിയില്ല. വൈവാഹിക ബന്ധത്തിന്റെ പവിത്രതയ്‌ക്കെതിരായാണ് വിവാഹേതര ബന്ധങ്ങളെ കോടതി കാണുന്നതെന്നും സിംഗിള്‍ ജഡ്ജി വിലയിരുത്തി.

കോഴിക്കോട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയുമായി ഹര്‍ജിക്കാരന് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹര്‍ജിക്കാരന് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി 2000 രൂപ പിഴയും രണ്ട് മാസം തടവും വിധിച്ചു. സ്ത്രീയുടെ ഭര്‍ത്താവ് വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നീട് കുട്ടികള്‍ക്ക് ജീവനാംശം തേടി സ്ത്രീ ഹര്‍ജി നല്‍കി.
 
ഇതിനെ തുടര്‍ന്നാണ് ആദ്യ ഭര്‍ത്താവ് പരപുരുഷ ബന്ധം ആരോപിച്ച് പരാതി നല്‍കിയത്. എന്നാല്‍ ഭര്‍ത്താവിന്റെ പദവിയില്‍ നില്‍ക്കുമ്പോള്‍ മാത്രമേ പരപുരുഷ ബന്ധം ആരോപിച്ച് പരാതി നല്‍കാനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമുള്ള പരാതി താത്പര്യ സംരക്ഷണത്തിനല്ല. മുന്‍ ഭാര്യയെ അപമാനിക്കാന്‍ ഉദ്ദേശിച്ചാണ്. ഹര്‍ജി അനുവദിച്ചുകൊണ്ട് കീഴ്!ക്കോടതിയുടെ ശിക്ഷ റദ്ദാക്കാനും ഉത്തരവായി.