കൊച്ചി: യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതുമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചുവരികയാണെന്നും പ്രതിക്കെതിരേ സമാനമായ മറ്റുപരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. 

ജൂണ്‍ മാസം പത്താം തീയതിയാണ് തൃശ്ശൂരിലെ കണ്ടല്‍ക്കാടുകളില്‍ ഒളിവില്‍കഴിഞ്ഞിരുന്ന മാര്‍ട്ടിന്‍ ജോസഫ് പോലീസിന്റെ വലയിലായത്. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് ഏറെ സാഹസികമായാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇതിനുപിന്നാലെ മാര്‍ട്ടിന്‍ ജോസഫ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ യുവതിയെ കൊച്ചി മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍വെച്ച് പ്രതി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ല. ഇതിനിടെ മാര്‍ട്ടിന്‍ ജോസഫ് ഒളിവില്‍പോവുകയും ചെയ്തു. പിന്നീട് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കി പോലീസ് പ്രതിയെ പിടികൂടിയത്. 

Content Highlights: kochi flat rape case accused bail plea rejected by highcourt