കട്ടപ്പന: തന്റെ രക്തത്തില്‍ പിറന്ന മകന്റെ പിതൃത്വം അംഗീകരിച്ചതിന്റെ അഭിമാനവും ഒരുനോക്ക് കാണാന്‍ കൊതിച്ചു കൊതിച്ചു കാത്തിരുന്നതിന്റെ വീര്‍പ്പടക്കലും... സഞ്ജു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു. അണപൊട്ടിയ സന്തോഷത്തിന്റെ തേങ്ങലായിരുന്നു അത്. സാക്ഷിയായി സഞ്ജുവിന്റെ അമ്മയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും. ഒന്നരവര്‍ഷത്തെ നിയമയുദ്ധത്തിന്റെ ഒടുവിലാണ് ഒരുനോക്ക് കാണാനായത്. അടുത്ത ദിവസമേ കുഞ്ഞിനെ കൈയില്‍ കിട്ടുകയുള്ളൂ. സഞ്ജുവിന്റെ അമ്മ പരിചരിക്കണമെന്നാണ് ഉത്തരവ്.

ഉപ്പുതറ പശുപ്പാറ കൊച്ചുപറമ്പില്‍ സഞ്ജു തൊടുപുഴയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുമ്പോഴാണ് അവിടെ അധ്യാപികയായ രാജാക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ള പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തെങ്കിലും പീരുമേട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരും വിവാഹിതരായി. ആറ് മാസം കഴിഞ്ഞിട്ടും വീട്ടുകാരുടെ എതിര്‍പ്പ് കുറഞ്ഞില്ല. യുവതി ഏഴു മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അമ്മ ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ അന്വേഷിച്ചു.
 
പിന്നീട് പ്രസവത്തിനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഒരു മാസത്തോളം പെണ്‍കുട്ടിയുമായിടെലിഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും പിന്നീടതിനു കഴിഞ്ഞില്ല. വീട്ടുകാര്‍ ഫോണ്‍ മകള്‍ക്ക് കൊടുക്കാതെയായി. ഈ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. അതിനിടെ കട്ടപ്പന കുടുംബകോടതിയില്‍ വിവാഹമോചനത്തിന് മകളെക്കൊണ്ട് കേസും നല്‍കി. ഇതിനിടെ ഭാര്യ പ്രസവിച്ച വിവരം സഞ്ജു അറിഞ്ഞു. കുഞ്ഞിനെ കാണണമെന്ന ആഗ്രഹം പലരുമായും ബന്ധപ്പെട്ട് നടത്തിയെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല.

ഭാര്യ ഉപരിപഠനത്തിന് വിദേശത്ത് പോയെന്നും കുട്ടി ബാംഗ്‌ളൂരിലാണെന്നുമാണ് വീട്ടുകാര്‍ സഞ്ജുവിനോട് പറഞ്ഞത്. ഇനിയും കുഞ്ഞിനെ കാണാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും സഞ്ജു ആരോപിക്കുന്നു. അതിനിടെ രാജാക്കാട്ടെ അനാഥാലയത്തില്‍ കുട്ടിയുണ്ടെന്ന വിവരം അറിഞ്ഞു. അവിടെയെത്തി കാണാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അനാഥാലയത്തില്‍ നടന്ന പരിശോധനയില്‍ ആറു കുട്ടികളെ രേഖകളില്ലാതെ പാര്‍പ്പിച്ചതായി കണ്ടെത്തി. ഇതിലൊരു കുഞ്ഞ് സഞ്ജുവിന്റേതായിരുന്നു.
 
പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ കുട്ടികളെ ഹാജരാക്കാന്‍ ഉത്തരവായി. സഞ്ജുവിന്റെ കുട്ടിയുള്‍പ്പെടെ മൂന്നുപേരെ തൊടുപുഴയിലെ കുട്ടികളെ സംരക്ഷിക്കുന്ന ഷെല്‍ട്ടല്‍ ഹോമിലേക്ക് അയച്ചു. രണ്ടുപേരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഒരു കുട്ടി ഇതിനോടകം മരിച്ചിരുന്നു.

ശിശുക്ഷേമ സമിതിയില്‍ ബന്ധപ്പെട്ടിട്ടും കുട്ടിയെ കാണാന്‍ കഴിയാതെവന്നതോടെ സഞ്ജു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇവിടെനിന്നുള്ള അനുമതി കിട്ടിയെങ്കിലും 20-ാം തിയ്യതിയിലെ സിറ്റിങ്ങിനുശേഷമേ കുട്ടിയെ കാണാന്‍ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് സഞ്ജു തിങ്കളാഴ്ച സി.ഡബ്ല്യു.സി.യുടെ സിറ്റിങ്ങിനെത്തി കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ കിട്ടിയ സന്തോഷത്തിലാണ് സഞ്ജുവിന്റെ അമ്മ ലിസിയും കുടുംബാംഗങ്ങളും. കേസിന്റെ നാള്‍വഴിയില്‍ ഒത്തിരി പീഡനങ്ങള്‍ അനുഭവിച്ചതായി സഞ്ജു പറയുന്നു. ഭാര്യയെ കുറ്റപ്പെടുത്താന്‍ തയ്യാറാകുന്നുമില്ല.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സഞ്ജുവാണ് കുട്ടിയുടെ പിതാവെന്ന് അറിയിച്ചതിനാല്‍ പിതൃത്വം അംഗീകരിക്കുകയായിരുന്നുവെന്ന് സി.ഡബ്ല്യു.സി. ചെയര്‍മാന്‍ പി.ജി.ഗോപാലകൃഷ്ണന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. കുട്ടിയുടെ അമ്മ കാനഡയിലാണ്. അതിനാല്‍ അച്ഛന്റെ അവകാശവാദം തള്ളിക്കളയാനാകില്ല. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ കുട്ടി അനാഥാലയത്തില്‍ വളരുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.