കാസര്‍കോട്: കുടിവെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്ക്കും മകനും ജീവപര്യന്തം തടവും 50,000 രൂപവീതം പിഴയും. രാജപുരം പാണത്തൂര്‍ കല്ലപ്പള്ളി പാത്തിക്കാലിലെ ചന്ദ്രശേഖരന്റെ ഭാര്യ പി.സി.ലളിത (43), മകന്‍ പി.സി.നിധിന്‍ (27) എന്നിവരെയാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി ജഡ്ജി പി.കെ.നിര്‍മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവനുഭവിക്കണം.

ലളിതയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ സഹോദരന്‍ മുദ്ദപ്പ ഗൗഡ(52) ആണ് കൊല്ലപ്പെട്ടത്. പിഴത്തുകയില്‍നിന്ന് 75,000 രൂപ കൊല്ലപ്പെട്ട മുദ്ദപ്പയുടെ ആശ്രിതര്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

മുദ്ദപ്പയുടെ വീട്ടുപറമ്പില്‍നിന്ന് ചന്ദ്രശേഖരന്റെ പറമ്പിലേക്ക് പൈപ്പുപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2011 മാര്‍ച്ച് നാലിന് വൈകിട്ട് 6.15-ഓടെ വീടിനു സമീപം വെച്ച് രണ്ട് പ്രതികളും ചേര്‍ന്ന് കത്തികൊണ്ട് കുത്തിമുറിവേല്‍പ്പിച്ചും വടിയുപയോഗിച്ച് മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

മുദ്ദപ്പ ഗൗഡയുടെ മകന്‍ വിശ്വനാഥന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബാലകൃഷ്ണന്‍ ഹാജരായി.

Content Highlights: kasargod muddhappa murder case; mother and son gets life imprisonment