ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മെയ് 19-ലേക്ക് മാറ്റി. ഏഴ് മാസം ജയിലിൽ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നതിന് കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ അസൗകര്യം കാരണം ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കണം എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്നും അവധിക്കാല ബെഞ്ചിന് ഇന്ന് വിശദമായ വാദം കേൾക്കാൻ സമയം ഉണ്ടാകില്ലെന്നും കോടതി വ്യക്തമമാക്കി.

ഇതേ തുടർന്നാണ് ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അതിനാൽ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ ആവശ്യപ്പെട്ടത്. ബിനീഷിന്റെ അകൗണ്ടിൽ കള്ളപ്പണം ഇല്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ച പണമാണ് ബാങ്ക് അകൗണ്ടിൽ ഉണ്ടായിരുന്നത്. കേസിലെ പ്രതിയായ അനൂപ് മുഹമ്മദിൽനിന്ന് ബിനീഷിന് പണം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അവധിക്ക് ശേഷം ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യാം എന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും അടുത്ത ബുധനാഴ്ച തന്നെ അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.

നേരത്തേ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബർ 11 മുതൽ അദ്ദേഹം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Content Highlights:karnataka highcourt postponed hearing of bineesh kodiyeri bail plea