തലശേരി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരംമുറിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു.

കിയാല്‍ എം.ഡി. വി.ചന്ദ്രമൗലി, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ വി.പി ജോയി, ടോം ജോസ്, കിന്‍ഫ്ര മുന്‍ എം.ഡി രാംനാഥ്, എല്.ആന്‍ഡ് ടി മാനേജര്‍ സജിന്‍ ലാല്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ വരും. അനധികൃതമായി മരം മുറിച്ചത് വഴി സര്‍ക്കാരിന് 30 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയോട്‌ നിര്‍ദേശിച്ചത്. 

വിമാനത്താവളത്തിനായി മരം മുറിക്കുന്നതിലും, ഭൂമി ഏറ്റെടുക്കുന്നതിലും ഉദ്യോഗസ്ഥര്‍ അനധികൃതമായി ഇടപെട്ടെന്ന് പരാതിയില്‍ പറയുന്നു. മരം മുറിയുടെ വരവുചെലവുകള്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടേയും വിമാനത്താവള നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച കെ.ബാബുവിന്റേയും അറിവോടെയാണ് ക്രമക്കേട് നടന്നതെന്നും പരാതിക്കാരാന്‍ കോടതിയില്‍ വാദിച്ചു. 

നേരത്തെ ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി മരംമുറിച്ച് വിറ്റതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.