തിരുവനന്തപുരം: കടയ്ക്കാവൂർ ശാരദ കൊലക്കേസിൽ പ്രതി മണികണ്ഠന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ. അജിത്ത് കുമാറാണ് വിധി പ്രസ്താവിച്ചത്.പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം.

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയതെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിന്റെ വിചാരണയ്ക്കിടെ 32 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 49 രേഖകളും 21 തൊണ്ടിമുതലുകളും ഹാജരാക്കി. അഡ്വ. എം. സലാഹുദ്ദീനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

2016 ഡിസംബർ ഒമ്പതാം തീയതിയാണ് കടയ്ക്കാവൂർ കൊടിയ്ക്കകത്ത് വീട്ടിൽ ശാരദ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശാരദയെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഡിസംബർ ആറിന് ആലംകോട് പൂവൻപാറയിൽ മനു എന്ന യുവാവ് കൊല്ലപ്പെട്ട കേസിലും മണികണ്ഠൻ പ്രതിയാണ്.

കുടിക്കാൻ വെള്ളം ചോദിച്ചാണ് കടയ്ക്കാവൂർ അപ്പൂപ്പൻ നട ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന മണികണ്ഠൻ ശാരദയുടെ വീട്ടിലെത്തിയത്. ശാരദ വെള്ളമെടുക്കാനായി അകത്തേക്ക് പോയപ്പോൾ പിന്തുടർന്ന പ്രതി ഇവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്തോടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ശാരദയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ശാരദ കൊലക്കേസിൽ പിടിയിലായതോടെയാണ് മൂന്ന് ദിവസം മുമ്പ് നടന്ന ആലംകോട് പൂവൻപാറ മനു കൊലക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്.

കൊലപാതകത്തിന് മൂന്നാഴ്ച മുമ്പ് മണികണ്ഠൻ, സുഹൃത്ത് അശോകൻ എന്നിവർ മനുവുമായി ഒരു കടയിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിന്റെ പകയിലാണ് മനുവിനെ കുത്തിക്കൊന്നത്. 2016 ഡിംസബർ ആറാം തീയതി രാത്രി മാരകമായി പരിക്കേറ്റനിലയിലാണ് മനുവിനെ വീട്ടുമുറ്റത്ത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹപരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. പിന്നാലെ മനുവുമായി ശത്രുതയുള്ളവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയായിരുന്നു. ഇതോടെ മണികണ്ഠന്റെ സുഹൃത്തായ അശോകൻ കസ്റ്റഡിയിലായി. ഇയാളിൽനിന്ന് മണികണ്ഠനെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചു.

എന്നാൽ, ഇതിനിടെ മണികണ്ഠൻ ശാരദ കൊലക്കേസിൽ അറസ്റ്റിലായിരുന്നു. ഇയാളുടെ ചിത്രം പുറത്തുവന്നതോടെയാണ് ശാരദ കൊലക്കേസിലെ പ്രതി മണികണ്ഠൻ തന്നെയാണ് മനുവിന്റെ കൊലപാതകത്തിന് പിന്നിലെന്നും വ്യക്തമായത്. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ മനു കൊലക്കേസിലും പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

Content Highlights:kadakkavoor sarada murder case accused manikandan gets life imprisonment