കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്ന മരിയയുടെ തിരോധനത്തെ സംബന്ധിച്ച സി.ബി.ഐ. അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നുമാവശ്യപ്പെടുന്ന ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.

കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയുടെ പ്രസിഡന്റ് പീറ്റർ തോമസാണ് ഹർജിക്കാരൻ.

ഫെബ്രുവരി 19-നാണ് കേസന്വേഷണം ഹൈക്കോടതി സി.ബി.ഐ.ക്കു വിട്ടത്. മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് ഹർജിയിൽ പറയുന്നത്.

ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ. നാരായണ പിഷാരടി സംഘടനയ്ക്ക് ഇത്തരത്തിൽ ഹർജി നൽകാൻ നിയമപരമായി അവകാശമുണ്ടോയെന്ന സംശയം പ്രകടിപ്പിച്ചു. തുടർന്ന്, സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹർജിയിലെ കക്ഷികളെക്കൂടി ഇതിൽ കക്ഷിചേർക്കാനും നിർദേശിച്ചു. 2018 മാർച്ച് 22-നാണ് ജെസ്നയെ കാണാതായത്.