ഇരിങ്ങാലക്കുട: 424 പവനും രണ്ടുകോടി 97 ലക്ഷം രൂപയും ഭാര്യയ്ക്ക് തിരികെ നല്‍കാന്‍ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ട കേസില്‍ വ്യാജരേഖ ഹാജരാക്കിയെന്ന പരാതിയില്‍ ഭര്‍ത്താവിന്റെപേരില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. വ്യാജ ഒപ്പിട്ട് പങ്കാളിത്ത ഉടമ്പടി തെളിവായി നല്‍കിയെന്ന കണ്ഠേശ്വരം സ്വദേശി ജനാര്‍ദനന്‍ നായരുടെ പരാതിയിലാണ് വിധി. കോഴിക്കോട് കോട്ടോളി സ്വദേശി മേപ്പറമ്പത്ത് ഡോ. ശ്രീതുവിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാനാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് അലീഷ മാത്യു ഉത്തരവിട്ടത്.

ഡോ. ശ്രീതുവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ജനാര്‍ദനന്‍ നായരുടെ മകള്‍ ശ്രുതി നല്‍കിയ പരാതിയിലാണ് സ്വര്‍ണവും പണവും ഭാര്യയ്ക്ക് ലഭിക്കുവാന്‍ അവകാശമുണ്ടെന്ന് കഴിഞ്ഞ ജനുവരിയില്‍ കുടുംബകോടതി ഉത്തരവിട്ടത്. വിവാഹശേഷം ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ ഉണ്ടായെന്നു കാണിച്ചാണ് ശ്രുതി കുടുംബകോടതിയെ സമീപിച്ചത്.

അന്നത്തെ വാദത്തിനിടെയാണ് ജനാര്‍ദനന്‍ നായരുടെ പേരിലുള്ള ക്വാറിയില്‍ തനിക്കുകൂടി പങ്കാളിത്തമുണ്ടെന്ന് തെളിയിക്കാന്‍ വ്യാജ ഉടമ്പടി രേഖ ഉണ്ടാക്കി കോടതിയില്‍ ശ്രീതു സമര്‍പ്പിച്ചത്. വിചാരണസമയത്തുതന്നെ ഈ രേഖ വ്യാജമാണെന്ന വാദം ജനാര്‍ദനന്‍ നായര്‍ ഉന്നയിച്ചിരുന്നു. കുടുംബകോടതി വിധിയിലും രേഖ സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് ജനാര്‍ദനന്‍ നായര്‍ ഇരിങ്ങാലക്കുട പോലീസിലും തൃശ്ശൂര്‍ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി മുമ്പാകെ സ്വകാര്യ അന്യായവും ബോധിപ്പിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. പി.വി. ഗോപകുമാര്‍, അഡ്വ. കെ.എം. അബ്ദുള്‍ ഷുക്കൂര്‍, അഡ്വ. നിധിന്‍ ജി., അക്ഷയ് പവന്‍ എന്നിവര്‍ ഹാജരായി.