ഗുവാഹാത്തി: സഹപാഠിയെ മദ്യംനല്‍കി പീഡിപ്പിച്ച കേസില്‍ ഗുവാഹാത്തി ഐ.ഐ.ടി.യിലെ ബി.ടെക്ക് വിദ്യാര്‍ഥിക്ക് ജാമ്യം. പ്രതി പ്രാഗത്ഭ്യമുള്ള ചെറുപ്പക്കാരനായ വിദ്യാര്‍ഥിയാണെന്നും രാജ്യത്തിന് ഭാവിയിലെ മുതല്‍ക്കൂട്ടാണെന്നും വ്യക്തമാക്കിയാണ് ഗുവാഹാത്തി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

ജസ്റ്റിസ് അജിത് ബോര്‍താക്കൂറാണ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ പ്രതിക്കെതിരായ കേസ് നിലനില്‍ക്കുമെങ്കിലും പ്രതി സാക്ഷിക്കളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയില്ലെന്ന് കോടതി വിലയിരുത്തി. കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യവും കോടതി പരിഗണിച്ചു. 

പീഡനത്തിനിരയായ പെണ്‍കുട്ടിയും പ്രതിയും ഐ.ഐ.ടി. ഗുവാഹാത്തിയിൽ സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്ന പ്രതിഭകളായ വിദ്യാര്‍ഥികളാണ്. ഇരുവരും രാജ്യത്തിന് മുതല്‍കൂട്ടാണ്. രണ്ടുപേരും 19 മുതല്‍ 21 വയസ്സ് വരെ പ്രായമുള്ളവരും രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. അതിനാല്‍ പ്രതിയെ തുടര്‍ച്ചയായി തടങ്കലില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

നിശ്ചിതദിവസം കോടതിക്ക് മുന്നില്‍ ഹാജരാകണം, നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, കാംരുപ് സെഷന്‍സ് ജഡ്ജിയുടെ അനുമതിയില്ലാതെ കോടതിയുടെ അധികാരപരിധിയില്‍പ്പെട്ട പ്രദേശത്തുനിന്ന് പുറത്തുപോകരുത് തുടങ്ങിയവയാണ് ഉപാധികള്‍. 

അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഏറെ ഗൗരവുള്ള കുറ്റകൃത്യമാണിതെന്നും പ്രതിക്ക് ജാമ്യം നല്‍കിയാല്‍ വിചാരണ തടസപ്പെടുമെന്നും അതിനാല്‍ ഇരയോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കില്ലെന്നും കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അതിനാല്‍ ഇനിയും തടവില്‍ പാര്‍പ്പിക്കുന്നത് മികച്ച വിദ്യാര്‍ഥിയായ പ്രതിയുടെ പഠനപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പ്രതിഭാഗം പറഞ്ഞു. 

മാര്‍ച്ച് 28-നാണ് ഗുവാഹാത്തി ഐ.ഐ.ടി.യിലെ ബി.ടെക്ക് വിദ്യാര്‍ഥി സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ക്യാമ്പസിലെ ക്ലബ് ഭാരവാഹിയായ പെണ്‍കുട്ടിയെ ചുമതലകള്‍ വിശദീകരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടി പരാതി നല്‍കിയതോടെ 21-കാരനായ വിദ്യാര്‍ഥിയെ ഏപ്രില്‍ മൂന്നിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത് ഐ.ഐ.ടി. അധികൃതരും നടപടി സ്വീകരിച്ചിരുന്നു. 

Content Highlights: iit guwahathi student gets bail in rape case court says accused is states future asset