കണ്ണൂര്‍: തടവുകാരുടെ നിയമവിരുദ്ധ ഫോണ്‍വിളിക്ക് പേരു കേട്ട കണ്ണൂര്‍ ജയിലില്‍നിന്ന് 'ചട്ടം ലംഘിച്ച്' ഭര്‍ത്താവ് ഭാര്യയെ വിളിച്ചു, ജയില്‍ സൂപ്രണ്ടുമാരുടെ സാന്നിധ്യത്തില്‍. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മനുപ്രസാദാണ് മാനന്തവാടി സബ് ജയിലില്‍ കഴിയുന്ന ഭാര്യ ബിന്ദുവിനെ വിളിച്ചത്. നാലു ദിവസമായി ഉറക്കം നഷ്ടപ്പെട്ട് പ്രത്യേക അവസ്ഥയിലായിരുന്ന മനുപ്രസാദ് ബിന്ദുവിനെ ഫോണില്‍ കിട്ടിയതോടെ പൊട്ടിക്കരഞ്ഞു. മറുപടിയും കരച്ചില്‍.

വയനാട് അമ്പലവയല്‍ സ്വദേശികളായ ഇവര്‍ അയല്‍ക്കാരുമായി സംഘര്‍ഷമുണ്ടാക്കിയതിന് ഒരു മാസമായി തടവിലാണ്. സംഘര്‍ഷം നടക്കുമ്പോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിന്ദുവിന്റെ മകന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാനാണ്‌ മനുപ്രസാദ് ഭാര്യയെ ഫോണില്‍ വിളിച്ചത്. 11 വയസ്സുള്ള മകന്‍ എവിടെയാണെന്ന് കൃത്യമായ വിവരം കിട്ടിയില്ലെങ്കിലും കരച്ചില്‍ കഴിഞ്ഞതോടെ മനുപ്രസാദിന് സമാധാനമായി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള സ്പെഷ്യല്‍ സബ് ജയില്‍ പുരുഷന്‍മാര്‍ക്കുള്ള മലബാര്‍ മേഖലയിലെ കോവിഡ് കാല ക്വാറന്റയിന്‍ ജയിലാക്കിമാറ്റിയിരിക്കുകയാണ്. തടവുകാരന്റെ ഉറക്കമില്ലായ്മയ്ക്ക് കാരണം മനസ്സിലാക്കിയ സൂപ്രണ്ട് ടി.കെ.ജനാര്‍ദനനാണ് കീഴ്വഴക്കമില്ലെങ്കിലും ഭാര്യാഭര്‍ത്താക്കന്മാരുടെ ഫോണ്‍ സംഭാഷണത്തിന് സൗകര്യമൊരുക്കിയത്. മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ട് ബൈജുവിന്റെ സഹകരണത്തോടെയായിരുന്നു ഇത്.

ഭാര്യാഭര്‍ത്താക്കന്മാര്‍ പറയുന്ന കഥയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് അമ്പലവയല്‍ പോലീസുമായി ബന്ധപ്പെട്ടു. കുട്ടിയെ അമ്പലവയല്‍ സി.ഐ.യും എസ്.ഐ.യും ചേര്‍ന്ന് സംഭവദിവസം തന്നെ ബിന്ദുവിന്റെ ആദ്യഭര്‍ത്താവിന്റെ വീട്ടില്‍ ഏല്പിച്ചുവെന്ന് പോലീസില്‍നിന്ന് വിവരം ലഭിച്ചു. അമ്പലവയലില്‍ വെല്‍ഡറായി ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശിയാണ് മനുപ്രസാദ്. ബിന്ദു ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഇയാളോടൊപ്പം കൂടിയത്.

Content Highlights: husband called his wife from kannur jail