കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് ചേവായൂര്‍ പള്ളിവികാരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. പരാതി നല്‍കാന്‍ വൈകിയതിലുള്ള വിശദീകരണം തൃപ്തികരമല്ലെന്നും പരാതിയുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണിത്.

2017 ജൂണ്‍ 15-നു നടന്ന സംഭവത്തെക്കുറിച്ച് 2019 സെപ്റ്റംബര്‍ 20-നാണ് വീട്ടമ്മ പരാതി നല്‍കിയത്. ഭര്‍ത്താവ് വിദേശത്താണെന്നും ഫാ. മനോജ് തന്നെ ഒരുവീട്ടില്‍വെച്ചാണ് പീഡിപ്പിച്ചതെന്നും ഇവര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി താമരശ്ശേരി ബിഷപ്പിന് ഭര്‍ത്താവ് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മൊഴിയിലുണ്ട്.

പരാതിയെത്തുടര്‍ന്ന് ഫാ. മനോജിനെ വികാരിസ്ഥാനത്തുനിന്നും മറ്റു ചുമതലകളില്‍നിന്നും നീക്കിയിരുന്നു. തിരുവനന്തപുരത്തേക്ക് ഉപരിപഠനത്തിനായി പോയ ഫാ. മനോജ് പോലീസ് കേസെടുത്തതോടെ ഒളിവില്‍പ്പോയി. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്.

ഫാ. മനോജിനോട് പത്തുദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ചോദ്യംചെയ്യലിനു വിധേയനാകാന്‍ കോടതി നിര്‍ദേശിച്ചു. വീണ്ടും ചോദ്യംചെയ്യാനായി വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുന്നതിനുമുമ്പ് അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥചെയ്ത് ജാമ്യം അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.

Content Highlights: house wife raped by priest in kozhikode; highcourt given anticipatory bail