തലശ്ശേരി: മീന്‍ വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങത്തൂര്‍ പുളിയനമ്പ്രം വലിയകാട്ടില്‍ ഹൗസില്‍ കെ.വി.അന്‍സാറി(27)നെയാണ് കോടതി ശിക്ഷിച്ചത്. 

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍.വിനോദാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിലായാണ് ശിക്ഷ. കൊലപാതകം നടത്തിയതിന് ഇന്ത്യന്‍ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 376 (എ) വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതിന് 10 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

കവര്‍ച്ച നടത്തിയതിനുള്ള പത്തുവര്‍ഷം കഠിന തടവ് ആദ്യം അനുഭവിക്കണം. അതിനുശേഷം ജീവപര്യന്തം തടവും അനുഭവിക്കണം. ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി .പിഴ അടച്ചാല്‍ തുക കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ക്ക് നല്‍കണം.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ.രാമചന്ദ്രന്‍ ഹാജരായി. ദൃക്സാക്ഷികളില്ലാത കേസില്‍ സാഹചര്യതെളിവിനെ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട വീട്ടമ്മയുടെ ഭര്‍ത്താവും മക്കളും ബന്ധുക്കളും വിധിയറിയാന്‍ കോടതിയില്‍ എത്തിയിരുന്നു.

2017 ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് പുളിയനമ്പ്രം താഴെവയല്‍ തോടിനുകുറുകെ വെച്ചാണ് സംഭവം. പുതിയ റോഡ് ഭാഗത്തേക്ക് മീന്‍ വാങ്ങാന്‍ പോകുകയായിരുന്ന വീട്ടമ്മയെ പ്രതി കടന്നുപിടിച്ചു.

പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തുനിന്ന സ്ത്രീയുടെ വായും മുഖവും പ്രതി കൈകൊണ്ട് അമര്‍ത്തിപ്പിടിച്ചു.ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കവെ അബോധാവസ്ഥയിലായ സ്ത്രീ തോട്ടിലേക്ക് വീണു. തോട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയുടെ കഷണവും മോതിരവും പ്രതി കൈക്കലാക്കി.

തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് നാലുദിവസം മുന്‍പ് പ്രതി വീട്ടമ്മയെ കയറിപ്പിടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടാംദിവസം അറസ്റ്റിലായ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Content Highlights: house wife raped and murdered in kannur, accused gets two life imprisonment