കൊച്ചി:  വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് വിലക്കിയത്. ക്രൈംബ്രാഞ്ചിന് വേണമെങ്കില്‍ നടിയെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. സി.ആര്‍.പി.സി. 41എ പ്രകാരമുള്ള നോട്ടീസ് നല്‍കി വേണം ചോദ്യംചെയ്യലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് മോഹന്‍ അധ്യക്ഷനായ ബെഞ്ചാണ് സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. 

പണം വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദാണ് സണ്ണി ലിയോണിനെതിരേ പരാതി നല്‍കിയത്. 39 ലക്ഷം രൂപ വാങ്ങി നടി വഞ്ചിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് കേസില്‍ അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ റിസോര്‍ട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം സണ്ണി ലിയോണില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു. 

എന്നാല്‍ വഞ്ചിച്ചെന്ന പരാതി തെറ്റാണെന്നാണ് സണ്ണി ലിയോണിന്റെ പ്രതികരണം. 30 ലക്ഷമാണ് ഫീസെന്നും തുക പൂര്‍ണമായി തന്നാലേ പരിപാടി നടത്തൂ എന്നും ആദ്യമേ അറിയിച്ചിരുന്നു. തീയതികളും വേദിയും പലതവണ മാറ്റിയശേഷം ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14-ന് പരിപാടി നിശ്ചയിച്ചു. അന്ന് എത്തിയെങ്കിലും തുക മുഴുവന്‍ നല്‍കാതെ ഷോ നടത്തണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചില്ല. അത് സിവില്‍തര്‍ക്കം മാത്രമാണ്. വിശ്വാസവഞ്ചനയുള്‍പ്പെടെ ക്രിമിനല്‍ കുറ്റം നില്‍ക്കില്ല. പരാതിക്കാരന്റെ രാഷ്ട്രീയസ്വാധീനംമൂലം അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കോടതിയെ സമീപിക്കുന്നതെന്നും നടിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

Content Highlights: highcourt order on sunny leone anticipatory bail plea