കൊച്ചി: 13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച പ്രത്യേകം സിറ്റിങ് നടത്തി അനുമതിനല്‍കി.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് അനുമതിനല്‍കിയത്. വയറുവേദനയുമായി മാതാപിതാക്കളോടൊപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലായത്. അപ്പോഴേക്കും ആറുമാസം പിന്നിട്ടിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഞായറാഴ്ച കുട്ടിയെ പരിശോധിച്ചു. ഗര്‍ഭം 26 ആഴ്ച പിന്നിട്ടുവെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ടിലെ പുതിയ ഭേദഗതി പ്രകാരം 24 ആഴ്ചവരെയായ ഗര്‍ഭം അലസിപ്പിക്കാനേ അനുമതിനല്‍കാനാകൂ. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നേരിടേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ടടക്കം കണക്കിലെടുത്ത് ഗര്‍ഭച്ഛിദ്രത്തിന് കോടതി അനുമതിനല്‍കുകയായിരുന്നു. 

കഴിയുമെങ്കില്‍ തിങ്കളാഴ്ചതന്നെ ഗര്‍ഭം അലസിപ്പിക്കണമെന്നും അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ വേണമെന്നുമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഡി.എന്‍.എ. പരിശോധനയ്ക്കായി ഗര്‍ഭസ്ഥ ശിശുവിന്റെ കോശം സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.