കോട്ടയം: അഭയാ കേസ് വിധിയില്‍ പാകപ്പിഴയുണ്ടെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഏബ്രഹാം മാത്യു. കൊച്ചിയില്‍ നടന്ന സംവാദത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവും തെറ്റായി എഴുതിയ വിധിയുമാണ് ഉണ്ടായത്. വിധിന്യായത്തില്‍ കുറ്റപത്രത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. 2019-ല്‍ കോടതി കുറ്റപത്രം എഴുതി പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് രേഖപ്പെടുത്തിയിട്ടാണ് വിചാരണ തുടങ്ങിയത്.

ആ ഭാഗം വിധിയില്‍ ഇല്ല. സംഭവം എവിടെ നടന്നെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിട്ടില്ല. സി.ബി.ഐ. പ്രോസിക്യൂട്ടര്‍ കുറ്റപത്രം വായിച്ചിട്ടില്ല. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ വിധിന്യായത്തില്‍ തെളിവ് ചേര്‍ത്തിട്ടില്ല.

കോണ്‍വെന്റില്‍ അതിക്രമിച്ച് കയറി അഭയയെ പരിക്കേല്‍പ്പിച്ചെന്നാണ് കുറ്റപത്രം. കൊലചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നില്ല. തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ബോധം കെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണറ്റിലെറിഞ്ഞെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. അടുത്ത പറമ്പില്‍ നിന്നെന്ന് പറയുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും വിശ്വസിക്കാവുന്നതല്ല-അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: highcourt former judge opinion about abhaya case verdict