കൊച്ചി: 'ആത്മീയ ശിഷ്യ'യായ 21 വയസ്സുള്ള യുവതിയെ മാതാപിതാക്കള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാട്ടി 52 വയസ്സുള്ള സൈക്യാട്രിക് കണ്‍സള്‍ട്ടന്റ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ഒരുതീരുമാനം എടുക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലല്ല യുവതിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം.ആര്‍. അനിതയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇപ്പോഴത്തെ മാനസികനിലയില്‍ യുവതി മാതാപിതാക്കളോടൊപ്പം കഴിയുന്നതാണ് നല്ലതെന്നും കോടതി വിലയിരുത്തി. ഡോക്ടര്‍ എന്ന വിശ്വാസത്തിലാണ് മകളെ മാതാപിതാക്കള്‍ ചികിത്സിക്കാന്‍ ഹര്‍ജിക്കാരന്റെയടുത്ത് എത്തിച്ചത്. ആ വിശ്വാസം ലംഘിച്ചതായും കോടതി വിലയിരുത്തി.
മികച്ച രീതിയില്‍ പഠിക്കുന്ന മകളെ മാനസിക വിഷമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സലിങ്ങിന് ആലപ്പുഴ സ്വദേശികളായ മാതാപിതാക്കള്‍ ഹര്‍ജിക്കാരന്റെയടുത്ത് എത്തിച്ചു. യുവതിയെ തനിച്ച് കൗണ്‍സലിങ്ങിന് വിധേയയാക്കിയതോടെ തന്റെ 'ആത്മീയ ശിഷ്യ'യായി മാറിയെന്നാണ് ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നത്. യുവതിയുമായി രണ്ടരവര്‍ഷമായി 'ആത്മിയ ലിവ് ഇന്‍ റിലേഷന്‍ഷിപ്പി'ലാണെന്നും യുവതിയെ വിവാഹം കഴിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഇതിനിടയില്‍ മാതാപിതാക്കള്‍ യുവതിയെ തടവിലാക്കിയെന്നാണ് ഹര്‍ജിയിലെ ആരോപണം.
തുടര്‍ന്നാണ് യുവതിയോട് നേരിട്ട് സംസാരിക്കുന്നതടക്കമുളള നടപടിക്ക് കോടതി തയ്യാറായത്. ഹര്‍ജിക്കാരനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോടും നിര്‍ദേശിച്ചു.
ഹര്‍ജിക്കാരന്‍ മുമ്പ് പോക്‌സോ കേസില്‍ ആരോപണവിധേയനായിരുന്നു എന്നതടക്കമുള്ള റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. എം.ബി.ബി.എസ്. ബിരുദധാരിയും ഇംഗ്ലണ്ടില്‍നിന്ന് സൈക്യാട്രിയില്‍ ഉപരിപഠനം നടത്തിയതുമായാണ് വിവരമെന്നും പോലീസ് അറിയിച്ചു. താന്‍ 'വേദിക് യോഗാചാര്യ'നായി മാറിയെന്നാണ് കൊല്ലം സ്വദേശിയായ ഹര്‍ജിക്കാരന്‍ പറയുന്നത്. വിവാഹിതനും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനുമാണിയാള്‍. ഭാര്യയും രണ്ട് കുട്ടികള്‍ക്കുമൊപ്പം വാടകയ്ക്കാണ് ഹര്‍ജിക്കാരന്‍ താമസിക്കുന്നതെന്നും പോലീസ് കോടതിയെ അറിയിച്ചു. കൊല്ലത്ത് ഹര്‍ജിക്കാരന്റെ രണ്ട്‌നില വീടിന്റെ മുകളില്‍ ആശ്രമംപോലുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
യുവതിയെ അച്ഛനമ്മമാരുടെ സംരക്ഷണയില്‍നിന്ന് മോചിപ്പിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവും.
ഇതിനെതിരെ ഹര്‍ജിക്കാരന്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതിതന്നെ പരിഗണിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു.
Content Highlights: habeas corpus petition submitted by psychiatric consultant rejected by highcourt