ചണ്ഡീഗഢ്:  മുന്‍ മാനേജറെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ഛാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവ്. പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതിയാണ് ഗുര്‍മീത് അടക്കമുള്ള പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജസ്ബിര്‍ സിങ്, സബ്ദില്‍ സിങ്, കൃഷ്ണന്‍ ലാല്‍, ഇന്ദേര്‍ സെയിന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുപ്രതികള്‍. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 

തന്റെ മാനേജറായിരുന്ന രഞ്ജിത് സിങ്ങിനെ ഗുര്‍മീത് റാം റഹീം സിങ്ങും മറ്റുപ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2002 ജൂലായ് രണ്ടിനാണ് ഹരിയാണയിലെ കുരുക്ഷേത്രയില്‍വെച്ച് രഞ്ജിത് സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. തനേസര്‍ പോലീസാണ് സംഭവത്തില്‍ ആദ്യം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 2003-ല്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം നടത്തി 2007-ല്‍ പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. 

ദേരാ ആശ്രമത്തില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ഗുര്‍മീത് റാം റഹീം സിങ്ങിനെതിരേ ഒരു അജ്ഞാത കത്ത് പ്രചരിച്ചിരുന്നു. ഇതിനുപിന്നില്‍ രഞ്ജിത് സിങ്ങാണെന്ന് ഗുര്‍മീത് സംശയിച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഈ കത്തിനെ അടിസ്ഥാനമാക്കിയാണ് ദേരാ ആശ്രമത്തിലെ ലൈംഗികചൂഷണത്തെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനായ രാംചന്ദര്‍ ഛത്രപതിയെയും ഗുര്‍മീതും സംഘവും കൊലപ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ജീവപര്യന്തം തടവിനാണ് ഗുര്‍മീത് ശിക്ഷിക്കപ്പെട്ടത്. നിലവില്‍ ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ് ഗുര്‍മീത്. 

Content Highlights: gurmeet ram rahim singh gets life imprisonment in ranjith singh murder case