കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ കെ.ടി. റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, സ്വർണക്കടത്തിൽ എന്‍.ഐ.എ. കേസില്‍ റിമാന്‍ഡില്‍ തുടരുന്നതിനാല്‍ ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല.

കസ്റ്റംസ് കേസുകളിൽ 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് വ്യവസ്ഥ. ഇത് പരിഗണിച്ചാണ് കോടതി റമീസിന് ജാമ്യം നൽകിയതെന്നാണ് വിവരം. കസ്റ്റംസ് കേസിൽ റമീസ് അറസ്റ്റിലായിട്ട് ബുധനാഴ്ചത്തേക്ക് 61 ദിവസമായിരുന്നു.

എൻ.ഐ.എ. കേസിലും ജാമ്യം തേടി അടുത്ത ആഴ്ച കോടതിയെ സമീപിക്കുമെന്ന് റമീസിന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. അതിനിടെ, ബുധനാഴ്ച സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി മുഹമ്മദ് അൻവറിനെ കോടതി എൻ.ഐ.എ. കസ്റ്റഡിയിൽ വിടുകയും ചെയ്തു.

തിരുവനന്തപുരം സ്വർണക്കടത്തിൽ സരിത്തും സ്വപ്ന സുരേഷും സന്ദീപുമെല്ലാം പിടിയിലായതിന് പിന്നാലെയാണ് പെരിന്തൽമണ്ണ സ്വദേശിയായ റമീസും അറസ്റ്റിലായത്. സ്വർണക്കടത്തിന്റെ ആസൂത്രകനാണ് റമീസെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Content Highlights:gold smuggling case kt ramees gets bail in customs case