കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്കും സരിത്തിനും എതിരേ എന്ത് തെളിവാണുള്ളതെന്ന് കോടതി. ഇരുവർക്കും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി ഈ പരാമർശം നടത്തിയിരിക്കുന്നത്. പ്രതികളുടെ കുറ്റസമ്മതമൊഴി മാത്രമാണ് ഇ.ഡി. നൽകിയിട്ടുള്ളതെന്നും ഇവർക്കെതിരേയുള്ള മറ്റു തെളിവുകൾ എവിടെയെന്നും കോടതി ഇ.ഡി.യോട് ചോദിച്ചു.

സ്വർണക്കടത്തിൽ ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സന്ദീപ് നായർക്കും സരിത്തിനും ജാമ്യം അനുവദിച്ചത്. ഇരുവർക്കും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് തെളിവുകൾ എവിടെയെന്ന് കോടതി ചോദിച്ചത്.

പ്രതികൾ 21 തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരേ ഇ.ഡി. അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിച്ചേക്കും. ഇ.ഡി. കേസിൽ ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസിന്റെ കൊഫെപോസ നിലനിൽക്കുന്നതിനാൽ സന്ദീപിനും സരിത്തിനും പുറത്തിറങ്ങാനാവില്ല. ഇ.ഡി.യുടെ കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും എം. ശിവശങ്കറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Content Highlights:gold smuggling case court asks evidence against sandeep and sarith