പനാജി: പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിനെതിരേ തെളിവുകളില്ലെന്ന് കോടതി. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളില്ലെന്നും അതിനാലാണ് പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടതെന്നും കോടതി വ്യക്തമാക്കി.

ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽവെച്ച് തരുൺ തേജ്പാൽ ലൈംഗികമായി പീഡിപ്പിച്ചെന്ന സഹപ്രവർത്തകയുടെ പരാതിയിൽ ഗോവ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിവാദമായ ലൈംഗിക പീഡനക്കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച തരുൺ തേജ്പാലിനെ ഗോവയിലെ സെഷൻസ് കോടതി വെറുതെ വിടുകയും ചെയ്തു. ഇതു സംബന്ധിച്ച കോടതി ഉത്തരവിന്റെ പൂർണരൂപം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 500 പേജുകളുള്ള ഈ ഉത്തരവിലാണ് കേസിൽ പ്രതിക്കെതിരെ തെളിവുകളില്ലെന്ന് ജഡ്ജി ക്ഷമ ജോഷി വിശദീകരിച്ചിരിക്കുന്നത്.

പരാതിക്കാരിയുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ തെളിവുകളില്ലെന്നും അതിനാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതിയെ വെറുതെ വിടുകയാണെന്നുമാണ് ഉത്തരവിൽ പറയുന്നത്. എട്ട് വർഷമായി തുടരുന്ന കേസിൽ പല കാര്യങ്ങളെക്കുറിച്ചും പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയില്ലെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരി ഉന്നയിച്ച പല വാദങ്ങളും കോടതി തള്ളുകയും ചെയ്തു.

പീഡനം തന്നിൽ വലിയ ആഘാതമുണ്ടാക്കിയെന്ന യുവതിയുടെ വാദമാണ് കോടതി തള്ളിയത്. യുവതിയുടെ ചില വാട്സാപ്പ് സന്ദേശങ്ങൾ കണ്ടാൽ ഇത് തോന്നില്ലെന്നും ഔദ്യോഗിക പരിപാടിക്ക് ശേഷവും പരാതിക്കാരി ഗോവയിൽ തങ്ങാൻ പദ്ധതിയിട്ടിരുന്നതായും കോടതി പറഞ്ഞു. പീഡനം വലിയ ആഘാതമേൽപ്പിച്ചെന്ന യുവതിയുടെ വാദത്തിനെതിരെയാണ് അവരുടെ അമ്മയും മൊഴി നൽകിയത്. യുവതിയുടെ വാദത്തെ അവർ പിന്തുണയ്ക്കുകയും ചെയ്തില്ല. മാത്രമല്ല, പരാതിക്കാരി പരസ്പരവിരുദ്ധമായ പല മൊഴികളും നൽകിയിട്ടുണ്ട്. അതിനാൽ പരാതിക്കാരിയുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്ന ഒരുപാട് തെളിവുകളുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.

കേസിന്റെ അന്വേഷണത്തിലുണ്ടായ പല പോരായ്മകളും കോടതി ചൂണ്ടിക്കാട്ടിയുണ്ട്. കാര്യക്ഷമമായ അന്വേഷണം പ്രതിയുടെ മൗലികാവകാശമാണെന്നും പക്ഷേ, ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ പലകാര്യങ്ങളും വിട്ടു കളഞ്ഞെന്നും കോടതി പറഞ്ഞു. ഹോട്ടലിലെ ഏഴാം നമ്പർ ബ്ലോക്കിലെ ലിഫ്റ്റ് പാനലിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല. പരാതിക്കാരി ആരോപിച്ചത് പോലെ ഒരു ബട്ടൺ അമർത്തിയാൽ ലിഫ്റ്റിന്റെ വാതിൽ തുറക്കുന്നത് തടയാനാകുമോ എന്നതും കണ്ടെത്തിയില്ല.

ഇത്തരം സാഹചര്യത്തിൽ ഉപയോഗിക്കാനായി ലിഫ്റ്റിനുള്ളിൽ അടിയന്തര സേവനത്തിനുള്ള ഫോണോ എമർജൻസി ബട്ടണോ ഉണ്ടോയെന്ന കാര്യവും പരിശോധിച്ചില്ല. ലിഫ്റ്റിൽ കയറിയ ശേഷം വാതിൽ തുറന്നില്ലെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാൽ, ഹോട്ടലിലെ താഴത്തെനിലയിൽ ലിഫ്റ്റ് എത്തിയപ്പോൾ രണ്ടു തവണ വാതിൽ തുറന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. അതിനാൽ പരാതിക്കാരിയുടെ വാദങ്ങളും സിസി ടിവി ദൃശ്യങ്ങളും പരസ്പരവിരുദ്ധമാണ്. സിസി ടിവി ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചിട്ടുണ്ടാകാനുള്ള സാധ്യതയും കോടതി വിലയിരുത്തി.

പീഡനത്തിനിരയാകുന്ന വ്യക്തിക്ക് വലിയ വേദനയും അപമാനവും ഉണ്ടാകുമെന്നത് കാണാതിരിക്കാനാവില്ല, എന്നാൽ പീഡിപ്പിച്ചെന്ന വ്യാജ ആരോപണത്തിലൂടെ പ്രതിക്കും അതേ വേദനയും അപമാനവുമാണ് ഉണ്ടാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കേസിൽ തരുൺ തേജ്പാലിനെ വെറുതെവിട്ട വിധിക്കെതിരേ ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

Content Highlights:goa court order on tarun tejpal rape case