തിരുവനന്തപുരം: താത്കാലികമായി ദത്തെടുത്ത് വളര്‍ത്തിയ(ഫോസ്റ്റര്‍ കെയര്‍) പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെ.കെ. ശൈലജ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
പെണ്‍കുട്ടിയെ താത്കാലികമായി ദത്ത് നല്‍കിയതില്‍ എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിക്ക് തെറ്റുപറ്റിയോ എന്നതും അന്വേഷിക്കും. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെണ്‍കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ജനുവരി എട്ടിനാണ് ദത്തെടുത്ത് വളര്‍ത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂത്തുപറമ്പ് കണ്ടംകുന്ന ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് 15 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയെ ശശികുമാര്‍ പലതവണ പീഡിപ്പിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അനാഥാലയത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ സഹോദരി കൗണ്‍സിലിങ്ങിനിടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂത്തുപറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് വിവാഹം കഴിച്ച ശശികുമാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പെണ്‍കുട്ടിയെ ദത്തെടുത്തതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതോടെയാണ് കുട്ടിയെ ദത്തുനല്‍കുന്നതില്‍ ഗുരുതരവീഴ്ച സംഭവിച്ചതായും ആരോപണമുയര്‍ന്നത്.
Content Highlights: girl raped by foster parent in kannur minister seeks detailed report