കൊച്ചി: കാമുകി ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കാമുകന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പതിനെട്ടു വയസ്സു മാത്രമായ കമിതാക്കള്‍ അയച്ച സന്ദേശങ്ങളെ ആത്മഹത്യക്കുള്ള പ്രേരണയായി കാണാനാവില്ലെന്ന് വിലയിരുത്തിയാണിത്.

ഇടുക്കി ജില്ലയിലെ ബാദുഷ നിഷാദിനാണ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. പതിനെട്ടുവയസ്സുള്ള പെണ്‍കുട്ടി 2018 ജൂലായ് ഏഴിനാണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവരുടെ അടുപ്പത്തെ എതിര്‍ത്തു.

പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങിവയ്ക്കുന്നതുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഹര്‍ജിക്കാരന്‍ നല്‍കിയ ഫോണിലൂടെ ഇരുവരും ആശയവിനിമയം നടത്തി. ആത്മഹത്യക്കു ശേഷം അന്വേഷണത്തിനിടെയാണ് ഫോണ്‍ കണ്ടെടുത്തത്.

അതിലൂടെ ഇരുവരും കൈമാറിയ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ പേരില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയായിരുന്നു. പ്രണയം തുടരാനാവില്ലെന്ന ആശങ്കയാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ കാരണമെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ പ്രേമിച്ചതെന്ന് ഈ ഘട്ടത്തില്‍ കരുതാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കാനാവുമോ എന്ന് വിലയിരുത്താന്‍ മാത്രമാണ് ഈ ഉത്തരവിലെ പരാമര്‍ശമെന്നും അന്വേഷണത്തെ ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് ജാമ്യ വ്യവസ്ഥ. രണ്ടു മാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണോദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുകയും വേണം.