തലശ്ശേരി: സ്‌കൂള്‍വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച പിതാവിനെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-ഒന്ന്(പോക്സോ കോടതി) ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആലക്കോട് സ്വദേശിയായ 39-കാരനെയാണ് ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരവും പീഡനത്തിനുമാണ് ശിക്ഷ. ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ജഡ്ജി പി.എന്‍.വിനോദ് വിധിച്ചു. പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കണം. പിഴയടയ്ക്കുന്നില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവനുഭവിക്കണം.

പെണ്‍കുട്ടിക്ക് സഹായധനം നല്‍കുന്നത് പരിശോധിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയുടെ വീട്ടിലേക്ക് താമസംമാറ്റുകയായിരുന്നു. അമ്മയുടെ വീട്ടില്‍നിന്ന് സ്‌കൂളിലേക്കു വരുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ സംസാരിച്ചതിനെത്തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.

സ്‌കൂള്‍ അധികൃതര്‍ മുഖേനയാണ് പോലീസില്‍ പരാതി എത്തിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പീഡനം തുടങ്ങിയതായാണ് പരാതി. പ്രോസിക്യൂഷനുവേണ്ടി ബീന കാളിയത്ത് ഹാജരായി.

Content Highlights: father rapes daughter in kannur, accused gets lifetime imprisonment.