തൊടുപുഴ: മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് ചോദ്യംചെയ്ത വയോധികനായ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും. കട്ടപ്പന കുന്തളംപാറ അമ്പലപ്പാറ ഭാഗം കൂടപ്പാട് വീട്ടില്‍ ജോസഫിനെയാണ്(തങ്കച്ചന്‍-58) കുറ്റക്കാരനെന്ന് കണ്ട് സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസിം ശിക്ഷിച്ചത്. നാഗര്‍കോവില്‍ ലക്ഷ്മിപുരം പുത്തന്‍പുരയ്ക്കല്‍ ഭാരതീബാലനാണ്(68) കൊല്ലപ്പെട്ടത്.
ഭാരതീബാലന്റെ മകളും ഭര്‍ത്താവും കുന്തളംപാറയിലാണ് താമസം. ഇവരുടെ വീടുപണിക്കായി ഭാരതീബാലന്‍ 2017 മാര്‍ച്ചില്‍ അവര്‍ക്കൊപ്പമെത്തി. വീട്ടില്‍ മേസ്തിരിപ്പണിക്ക് വന്ന ജോസഫ്, മാര്‍ച്ച് 29-ന് ഉച്ചയ്ക്ക് മദ്യപിച്ചെത്തി ഭാരതീബാലന്റെ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ ഭാരതീബാലനും ജോസഫും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മകളുടെ ഭര്‍ത്താവും മറ്റ് ജോലിക്കാരും ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റി ജോസഫിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ വൈകീട്ട് നാലരയ്ക്ക് ജോസഫ് വീണ്ടും വെല്ലുവിളിയുമായെത്തുകയും പിടിവലിക്കിടെ പിച്ചാത്തി ഭാരതീബാലന്റെ നെഞ്ചില്‍ കുത്തിയിറക്കുകയുമായിരുന്നു. കട്ടപ്പന പോലീസെത്തി ഭാരതീബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
ഏലത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ജോസഫിനെ മൂന്നു ദിവസത്തിനുശേഷം പോലീസ് പിടികൂടി. കട്ടപ്പന സി.ഐ. വി.എസ്.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.സുനില്‍ദത്ത് ഹാജരായി. ദൃക്സാക്ഷികളായ മകളുടെയും ഭര്‍ത്താവിന്റെയും അയല്‍വാസിയുടെയും മൊഴികളാണ് നിര്‍ണായകമായത്.
Content Highlights: father killed by old age man when he tried to rescue daughter from rape; accused gets lifetime imprisonment