കൊല്ലം : പതിമൂന്നുവയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിനെ 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാല്‍ മൂന്നുമാസംകൂടി കഠിനതടവ് അനുഭവിക്കണം. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍.ഹരികുമാറാണ് ശിക്ഷവിധിച്ചത്.

പിഴത്തുക മുഴുവനായും ഇരയായ കുട്ടിക്ക് അനുവദിച്ചു. അധികമായ നഷ്ടപരിഹാരം കുട്ടിക്ക് അനിവാര്യമെങ്കില്‍ അനുവദിക്കാന്‍ ക്രിമിനല്‍ നടപടിക്രമം 357 എ, പോക്‌സോചട്ടം ഏഴുപ്രകാരം നിര്‍ദേശിച്ച് കോടതി ഉത്തരവായി.

ക്ലാസില്‍ ശ്രദ്ധിക്കാതെയും എപ്പോഴും വിഷാദവതിയുമായി കണ്ട കുട്ടിയെ ക്ലാസ് ടീച്ചര്‍ കൗണ്‍സലിങ്ങിനായി അയച്ചപ്പോഴാണ് പീഡനവിവരം കൗണ്‍സലറോട് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. കൊട്ടാരക്കര വനിതാസെല്‍ എ.എസ്.ഐ. മോനിക്കുട്ടി, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുന്നിക്കോട് സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ പ്രകാശ് കേസ് രജിസ്റ്റര്‍ ചെയ്ത് പത്തനാപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.അന്‍വര്‍ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.സുഹോത്രന്‍ ഹാജരായി.

Content Highlights: father gets 10 year imprisonment for raping his daughter