തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാനുള്ള പോക്സോ ചട്ടങ്ങള്‍പ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ 28 അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സാമൂഹികനീതി വകുപ്പ് ഭരണാനുമതി നല്‍കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് കോടതികള്‍ സ്ഥാപിക്കുന്നത്.

ഒരു കോടതിക്ക് 75 ലക്ഷംരൂപ നിരക്കില്‍ 28 കോടതികള്‍ക്കായി 21 കോടി രൂപയാണ് ആവശ്യം. 60:40 അനുപാതത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പണം ചെലവിടും. വനിത, ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി, നിയമ, ആഭ്യന്തര വകുപ്പുകള്‍ എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ നാലും തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റു ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിച്ചത്.

ഓരോ കോടതിയിലും ഒരു ജുഡീഷ്യല്‍ ഓഫീസറും ഏഴ് സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും. വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരെയും നിയമിക്കും. ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ഇതിനായി കര്‍മപദ്ധതി തയ്യാറാക്കും.

ഹൈക്കോടതി നല്‍കിയ കണക്കുകള്‍പ്രകാരം സംസ്ഥാനത്ത് 12,234 പോക്സോ, ബലാത്സംഗ കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. ഇതുപ്രകാരം, സംസ്ഥാനത്ത് 56 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് 28 കോടതികള്‍ സ്ഥാപിക്കുന്നത്.

Content Highlights: fast track courts for pocso cases in kerala