പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും പിതാവിന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോക്‌സോ കോടതി. കുടുംബകലഹത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ സ്വാധീനിച്ച് അമ്മ വ്യാജ പരാതി നല്‍കിയതെന്നും അമ്മയ്‌ക്കെതിരെ പോലീസ് കേസെടുക്കണമെന്നും പത്തനംതിട്ട പോക്‌സോ കോടതി നിര്‍ദേശിച്ചു.

പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോക്‌സോ കോടതിയുടെ നിര്‍ണായക കണ്ടെത്തല്‍. പന്തളം സ്വദേശിയായ ഗീവര്‍ഗീസ്, ഇദ്ദേഹത്തിന്റെ സുഹൃത്ത് സുരേഷ് കുമാര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇരുവരെയും കോടതി കുറ്റവിമുക്തരാക്കി. 

2013 മുതല്‍ ഗീവര്‍ഗീസും ഭാര്യയും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലായിരുന്നുവെന്നും കുടുംബകോടതിയില്‍ ഇതുസംബന്ധിച്ച് കേസുണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ നാലുവര്‍ഷമായി അകന്നുകഴിയുകയാണ്. രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ അച്ഛനൊപ്പവും മറ്റൊരാള്‍ അമ്മയ്‌ക്കൊപ്പവുമാണ് താമസം. ഇതില്‍ തന്നോടൊപ്പം താമസിച്ചിരുന്ന പത്തുവയസ്സുകാരിയെ സ്വാധീനിച്ചാണ് അമ്മ വ്യാജ പരാതി നല്‍കിയത്.

കേസിന്റെ ആദ്യഘട്ടത്തില്‍ വിസ്തരിക്കാതിരുന്ന പെണ്‍കുട്ടി കോടതിയില്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സത്യാവസ്ഥ വെളിപ്പെട്ടത്. തുടര്‍ന്ന് ജഡ്ജി സാനു എസ്. പണിക്കരാണ് അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. 

മകളെ പീഡിപ്പിച്ചെന്ന കേസ് സത്യമാണെന്നാണ് നാട്ടുകാരെല്ലം ഇതുവരെ വിശ്വസിച്ചിരുന്നതെന്നും, കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുറ്റവിമുക്തനാക്കപ്പെട്ട ഗീവര്‍ഗീസ് പ്രതികരിച്ചു. 

Content Highlights: fake pocso case against father and his friends; pocso court ordered to take new case against mother