കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരേ ചുമത്തിയ വഞ്ചനാക്കുറ്റമടക്കം നിലനില്‍ക്കില്ലെന്ന വാദവുമായാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇവരുടെ ഹര്‍ജി ഉടന്‍ പരിഗണിച്ചേക്കും. കേസില്‍ പോലീസിനും കോടതിയില്‍ നിലപാട് അറിയിക്കേണ്ടതായിവരും. 

നേരത്തെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സെസി സേവ്യര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ജാമ്യം കിട്ടില്ലെന്നറിഞ്ഞതോടെ മുങ്ങുകയായിരുന്നു. തന്റെ ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെസി അന്ന് കോടതിയിലെത്തിയത്. ആള്‍മാറാട്ടം അടക്കം ചുമത്തിയതിനാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറുകയായിരുന്നു. ഇതോടെ ജാമ്യം കിട്ടില്ലെന്ന് മനസിലാക്കിയ പ്രതി കോടതിയുടെ പിന്‍വശത്തെ ഗേറ്റിലൂടെ മുങ്ങുകയായിരുന്നു. 

കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, ഒളിവില്‍ കഴിയുന്ന സെസി സേവ്യറിനെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ചേര്‍ത്തലയിലടക്കം സെസിയെ കണ്ടതായി വിവരം ലഭിച്ചിരുന്നെങ്കിലും പോലീസിന് ഇവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. 

മതിയായ യോഗ്യതകളില്ലാതെ രണ്ടര വര്‍ഷത്തോളമാണ് സെസി സേവ്യര്‍ ആലപ്പുഴയിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതിനിടെ, സെസിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരു കത്ത് ബാര്‍ അസോസിയേഷന് ലഭിക്കുകയായിരുന്നു. അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ സെസിക്ക് യോഗ്യതയില്ലെന്നും നേരത്തെ സമര്‍പ്പിച്ച റോള്‍ നമ്പര്‍ മറ്റൊരാളുടേതാണെന്നും ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ക്കെതിരേ അസോസിയേഷന്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്.  

Content Highlights: fake lawyer sesy xavier submitted anticipatory bail plea in highcourt