ഇന്ത്യാന(യു.എസ്): വെര്‍ജീനിയയില്‍ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോറി ജോണ്‍സണിന്റെ വധശിക്ഷ നടപ്പിലാക്കി. ഇന്ത്യാനയിലെ ഫെഡറല്‍ പ്രിസണില്‍വെച്ച്, വ്യാഴാഴ്ച രാത്രിയാണ് ശിക്ഷ നടപ്പാക്കിയത്. അര്‍ധരാത്രി 11.34-ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു.
1992-ലാണ് മയക്കുമരുന്ന് കച്ചവടക്കാരനായ കോറി ജോണ്‍സണ്‍ കുറ്റകൃത്യം നടത്തിയത്. മയക്കുമരുന്ന് സംഘത്തിലെ ജെയിംസ് റോണ്‍, റിച്ചാര്‍ഡ് ടിപ്ടണ്‍ എന്നിവരോടൊപ്പം ചേര്‍ന്നാണ് കോറി ജോണ്‍സണ്‍ എതിര്‍സംഘത്തിലെ ഏഴ് പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒരാള്‍ക്ക് നേരേ 85 തവണയും മറ്റൊരാള്‍ക്ക് നേരേ 16 തവണയുമാണ് വെടിയുതിര്‍ത്തത്.
1993-ല്‍ മൂന്ന് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു. മറ്റ് രണ്ട് പ്രതികള്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ്.
മയക്കുമരുന്നിന് അടിമയായ മാതാവ് 13-ാം വയസില്‍ കോറി ജോണ്‍സണെ ഉപേക്ഷിച്ചിരുന്നു. 18 വയസ്സുവരെ കുട്ടികള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ ഫെസിലിറ്റിയിലാണ് ഇയാള്‍ കഴിഞ്ഞത്. 18-ാം വയസില്‍ സമൂഹത്തിലേക്കിറങ്ങിയ പ്രതിക്ക് ഒരു തൊഴിലും പരിശീലിക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികവളര്‍ച്ച എത്താതെയാണ് പ്രതി സമൂഹത്തിലിറങ്ങിയതെന്നും അതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി. ബൈഡന്‍ അധികാരമേറ്റാല്‍ വധശിക്ഷ നിര്‍ത്താലാക്കാനുള്ള സാധ്യതയുള്ളതിനാല്‍ അവസാനനിമിഷം വരെ ജോണ്‍സണിന്റെ വധശിക്ഷ നീട്ടിവെയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ചെയ്ത കുറ്റത്തിന് കോറി ജോണ്‍സണ്‍ മാപ്പപേക്ഷിച്ചു. അവസാനത്തെ ഭക്ഷണമായി പിസ്സയും സ്‌ട്രോബറി ഷേക്കും കഴിച്ചാണ് ഡെത്ത് ചേമ്പറിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് വിഷംകുത്തിവെച്ച് വധശിക്ഷ നടപ്പാക്കി. 20 മിനിറ്റിന് ശേഷം മരണം സ്ഥിരീകരിച്ചു.
വാര്‍ത്ത അയച്ചത്: പി.പി. ചെറിയാന്‍
Content Highlights: drug dealer convicted in murder case executed in usa