ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഓൺലൈനിലൂടെ അധിക്ഷേപിച്ച കുറ്റത്തിന് അറസ്റ്റിലായ പ്രതി രണ്ട് വർഷത്തേക്ക് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി. പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉപാധികളിലാണ് സാമൂഹികമാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന വ്യവസ്ഥയും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കുറ്റത്തിനാണ് അഖിലാനന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 12-ാം തീയതി മുതൽ ജയിലിൽ കഴിയുന്ന അഖിലിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. അഖിലാനന്ദിനെ കേസിൽ കുടുക്കിയതാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. തുടർന്നാണ് ജസ്റ്റിസ് സിദ്ധാർഥ് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.

രണ്ട് വർഷത്തേക്കോ കേസിന്റെ വിചാരണ പൂർത്തിയാകുന്നത് വരെയോ പ്രതി സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നായിരുന്നു പ്രധാന ഉപാധി. സാക്ഷികളെ ഭീഷണിപ്പെടുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു. വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലുമാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

Content Highlights:do not use social media for two years court granted bail for accused