ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കോണ്‍ഗ്രസ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇസ്രത് ജഹാന് ഇടക്കാല ജാമ്യം. ജൂണ്‍ 12 ന് സ്വന്തം വിവാഹം നടക്കാനിരിക്കുന്നതിനാലാണ് ഇസ്രത് ജഹാന് കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഇക്കാലയളവില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

വിവാഹത്തിനായി 30 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഇസ്രതിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം നിരസിച്ച കോടതി ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അഭിഭാഷകരായ എസ്.കെ. ശര്‍മ, ലളിത് വലീച എന്നിവര്‍ പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായി.

തങ്ങളുടെ കക്ഷി ജാമ്യകാലയളവില്‍ തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കില്ലെന്ന് അഭിഭാഷകര്‍ കോടതിക്ക് ഉറപ്പുനല്‍കി. അതിനിടെ, ഇസ്രത് ജഹാനെ കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണെന്ന് കാണിച്ച് അഭിഭാഷകരായ തുഷാര്‍ ആനന്ദും മനു പ്രഭാകരും മറ്റൊരു ഹര്‍ജിയും കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. എഫ്.ഐ.ആറിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെറ്റായ എഫ്.ഐ.ആര്‍ കാരണം അഭിഭാഷക കൂടിയായ തങ്ങളുടെ കക്ഷിക്ക് ഗുരുതരമായ മാനഹാനി സംഭവിച്ചെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ പിന്തുണയ്ക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഫെബ്രുവരിയിലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഭീകര വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ഇസ്രത് ജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്രത് ജഹാന് പുറമേ ജാമിയ വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍, ഗുല്‍ഫിഷ ഖാത്തൂന്‍, സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ശിഫാഹുല്‍ റഹ്മാന്‍, എഎപി കൗണ്‍സിലറായിരുന്ന താഹിര്‍ ഹുസൈന്‍, ഉമര്‍ ഖാലിദ്, ഖാലിദ് സാഫി, നതാഷ നര്‍വാല്‍ തുടങ്ങിയവര്‍ക്കെതിരേയും സമാന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Content Highlights: delhi violence; former congress councilor ishrath jahan gets interim bail for her marriage