ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കൊലക്കേസിൽ പ്രതിക്കും അഭിഭാഷകനുമെതിരേ കോടതി. കുറ്റകൃത്യം നടന്ന സമയത്ത് പ്രതിയും അഭിഭാഷകനും നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന് രേഖകളുണ്ടെന്നും ഇത് വിചിത്രമാണെന്നും ഡൽഹി കോടതി വിലയിരുത്തി. ഡൽഹി കലാപത്തിനിടെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ട കേസിലായിരുന്നു അഡീഷണൽ സെഷൻസ് ജഡ്ജ് വിനോദ് യാദവ് ഇക്കാര്യം പറഞ്ഞത്. കേസിൽ പ്രതിയായ ഷദാബ് അഹമ്മദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

പ്രതിയുടെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയും അഭിഭാഷകനും സംഭവസമയത്ത് ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയത്. മാത്രമല്ല, ഷദാബ് അഹമ്മദ് കൂട്ടുപ്രതികളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും കോടതി പറഞ്ഞു.

പോലീസുകാരൻ കൊല്ലപ്പെട്ട സമയത്ത് അതേസ്ഥലത്ത് തന്നെ പ്രതിയുമുണ്ടായിരുന്നു. ഫോൺ ലൊക്കേഷനിൽ അത് വ്യക്തമാണ്. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇതേസമയത്ത് മൂന്ന് തവണയാണ് പ്രതിയെ വിളിച്ചിട്ടുള്ളത്. ഒരു പക്ഷേ, ഇത് യാദൃശ്ചികമായിരിക്കാം. പക്ഷേ, പ്രധാന്യമല്ലാത്തതുമല്ല. ഇതെല്ലാം ഒരു അഭിഭാഷകന് ധാർമികമായി ചേരുന്നതാണോ എന്നതിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും അഭിഭാഷകന്റെ പേര് വ്യക്തമാക്കാതെ ജഡ്ജി പറഞ്ഞു.

പ്രതിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അതീവ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച കോടതി, ഡൽഹി നിവാസി അല്ലാത്തതിനാൽ ജാമ്യം അനുവദിച്ചാൽ പ്രതി കടന്നുകളയാൻ സാധ്യതയുണ്ടെന്നും വിലയിരുത്തി. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ സാന്നിധ്യമില്ലെങ്കിലും ഇയാളെ തിരിച്ചറിഞ്ഞ സാക്ഷികളും പോലീസ് ഉദ്യോഗസ്ഥരും സി.ആർ.പി.സി. 161 പ്രകാരം മൊഴി നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഡൽഹി കലാപത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസിലാണ് ഷദാബ് അഹമ്മദിനെ പോലീസ് പ്രതിചേർത്തത്. എന്നാൽ പ്രത്യേക മതവിഭാഗത്തിൽപ്പെട്ട ആളായതിനാലാണ് ഷദാബിനെ കേസിൽ പ്രതി ചേർത്തതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. അഭിഭാഷകരായ സീമ മിശ്ര, ശിവം ശർമ, കാർത്തിക് മുരുകുത്ല എന്നിവരാണ് പ്രതിക്ക് വേണ്ടി ഹാജരായത്.

Content Highlights:delhi riot murder case delhi court says accused in lawyer in touch during crime