തിരുവനന്തപുരം: പൊതുമുതല്‍ നശിപ്പിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി. പ്രതികള്‍ വിചാരണ നേരിടാനും കോടതി നിര്‍ദേശിച്ചു. വിചാരണ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി എ.അനീസയാണ് കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളിയത്.

വലിയറത്തല ഹോമിയോ ആശുപത്രിക്ക് സമീപം രാജീവ്, കണ്ണറവിള നെല്ലിമൂട്ടില്‍ ദിലീപ്, വലിയവിള മൈത്രിനഗര്‍ അജയന്‍, കവടിയാര്‍ പറമ്പിക്കോണത്ത് രഞ്ജിത്ത് എന്നിവരാണ് കേസില്‍ വിചാരണ നേരിടേണ്ടത്. വിചാരണ സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്ന അഞ്ചാം പ്രതി കല്ലിയൂര്‍ ശ്രീ ശബരിയില്‍ അഭിലാഷിനെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. അഭിലാഷിന്റെ കേസ് വിഭജിച്ച് വിചാരണ ചെയ്യാനും കോടതി തീരുമാനിച്ചു.

2004 ഡിസംബര്‍ രണ്ടിനാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വക കാര്‍ തൈക്കാട് സംഗീത കോളേജിന് സമീപം വച്ച് അടിച്ചു തകര്‍ത്തത്. അന്നത്തെ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു അക്രമം.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2008-ല്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. പൊതുമുതല്‍ നശീകരണവും ലഹളയും അടക്കമുള്ള കേസുകള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കോടതിയുടെ ഈ ഉത്തരവ് നിലനില്‍ക്കെ വീണ്ടും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന പ്രതികളുടെ വാദം നേരത്തേ കോടതിയെ ചൊടിപ്പിച്ചിരുന്നു. കോടതി ഉത്തരവിന് മുകളില്‍ സര്‍ക്കാരിന് ഉത്തരവ് ഇറക്കാന്‍ കഴിയുമെങ്കില്‍ നിലവിലെ ചട്ടങ്ങളുടെ പ്രസക്തി എന്തെന്നും കോടതി ചോദിച്ചിരുന്നു.