ന്യൂഡൽഹി: ജഡ്ജിമാരെ അവഹേളിച്ച് കോടതിയലക്ഷ്യം നടത്തിയ മലയാളി അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയെ സുപ്രീംകോടതി ഒരു വർഷത്തേക്ക് വിലക്കി. മൂന്നു വർഷം തടവിനും ശിക്ഷിച്ചെങ്കിലും മാപ്പപേക്ഷിച്ചതിനെത്തുടർന്ന് ഇത് മരവിപ്പിച്ചു. ജഡ്ജിമാരെ അവഹേളിക്കില്ലെന്ന ഉറപ്പ്‌ പാലിക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്. എന്നാൽ, ഒരു വർഷത്തേക്ക് സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യാനാവില്ല. ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ‌

കേസ് മറ്റൊരു ബെഞ്ച് കേൾക്കണമെന്നും കുറ്റം ചുമത്താതെ ശിക്ഷ സംബന്ധിച്ച വാദം നടത്താനാവില്ലെന്നും നെടുമ്പാറയുടെ അഭിഭാഷകൻ ബുധനാഴ്ച പറഞ്ഞു. എന്നാൽ, നെടുമ്പാറയെ കുറ്റക്കാരനായി നേരത്തേ കണ്ടെത്തിയതാണെന്നും ശിക്ഷ സംബന്ധിച്ച വാദം മറ്റൊരു ബെഞ്ചിലേക്ക് വിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജഡ്ജിമാരുടെ ബന്ധുക്കൾക്ക് സീനിയർ അഭിഭാഷക പദവി നൽകുന്നതിൽ മുൻഗണന ലഭിക്കുന്നുവെന്ന് നെടുമ്പാറ ആരോപിച്ചിരുന്നു. ബെഞ്ചിലെ ജസ്റ്റിസ് ആർ.എഫ്. നരിമാന്റെ അച്ഛനും മുതിർന്ന അഭിഭാഷകനുമായ ഫാലി എസ്. നരിമാന്റെ പേരെടുത്തു പറഞ്ഞ് അഡ്വ. നെടുമ്പാറ നടത്തിയ വാദമാണ് കോടതിയെ രോഷം കൊള്ളിച്ചത്. ഈ കേസുമായി ബന്ധമില്ലാത്ത മുതിർന്ന അഭിഭാഷകന്റെ പേര് പറയുകയും തങ്ങളിൽ ഒരാളെ (ജസ്റ്റിസ് നരിമാൻ) അപമാനിക്കുകയും ചെയ്ത അഭിഭാഷകൻ ശിക്ഷയർഹിക്കുന്നെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയിൽ മാത്രമല്ല, മുംബൈയിലെ ഡെറ്റ് റിക്കവറി ട്രിബ്യൂണൽ, ബോംബെ ഹൈക്കോടതി എന്നിവിടങ്ങളിലെല്ലാം നെടുമ്പാറ മോശമായി പെരുമാറിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഇതിനിടെ, നെടുമ്പാറ ഉൾപ്പെടെ നാല് അഭിഭാഷകർക്കെതിരേ മറ്റൊരു കോടതിയലക്ഷ്യക്കേസിൽ കൂടി ബുധനാഴ്ച സുപ്രീംകോടതി നോട്ടീസയച്ചു. സുപ്രീംകോടതി ജഡ്ജിമാർക്കെതിരേ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും കത്തയച്ച വിഷയത്തിലാണിത്.

Content Highlights: Contempt Of Court Malayali Advocate Punished For One year