മൂന്നാര്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കോളേജ് അധ്യാപകനെ വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പ് കോടതി കഠിനതടവിന് വിധിച്ചു.

മൂന്നാര്‍ ഗവ.കോളേജിലെ അധ്യാപകനായിരുന്ന മറയൂര്‍ സ്വദേശി ആനന്ദ് വിശ്വനാഥനെയാണ് കുറ്റക്കാരനെന്നുകണ്ട് ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എ.ബി.ആനന്ദ് ഒരുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 5000 രൂപ പിഴയും അടയ്ക്കണം. ഇയാള്‍ ബുധനാഴ്ച സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. നിലവില്‍ പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപകനാണ്.

2014 ഓഗസ്റ്റ് 27മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ അധ്യാപകന്‍ തങ്ങളെ പീഡിപ്പിച്ചതായി കാണിച്ച് നാല് വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.

കോളേജ് പ്രിന്‍സിപ്പല്‍, വനിതാ കമ്മിഷന്‍ അധ്യക്ഷ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്കായിരുന്നു പരാതി. വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മൂന്നാര്‍ ഡിവൈ.എസ്.പി.യാണ് കേസ് അന്വേഷിച്ചത്.

എന്നാല്‍, പീഡിപ്പിച്ചതായി പറയുന്ന ദിവസങ്ങളില്‍ കോളേജില്‍നടന്ന പരീക്ഷയില്‍ വിദ്യാര്‍ഥിനികള്‍ നടത്തിയ കോപ്പിയടി പിടികൂടിയതാണ് പരാതിക്ക് കാരണമെന്ന് കാണിച്ച് അധ്യാപകന്‍ യൂണിവേഴ്‌സിറ്റിയില്‍ പരാതി നല്‍കി. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ചേര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരായ രണ്ടുപേര്‍ കോപ്പിയടിച്ചതായി കണ്ടെത്തുകയും പ്രിന്‍സിപ്പല്‍, പരീക്ഷാ ഇന്‍വിജിലേറ്റര്‍ എന്നിവര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. എന്നാല്‍, മറ്റ് രണ്ടുപേര്‍ കോപ്പിയടിച്ചതായി കണ്ടെത്താനായില്ല. ഈ രണ്ടുപേര്‍ നല്‍കിയ പീഡന പരാതികളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധ്യാപകനെ ശിക്ഷിച്ചത്.