ബെയ്ജിങ്: ആശുപത്രിയിലെ സഹപ്രവര്‍ത്തകനായ ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹാവശിഷ്ടങ്ങള്‍ പാചകം ചെയ്ത നഴ്‌സിന് വധശിക്ഷ. തെക്കന്‍ ചൈനയിലെ ആശുപത്രിയില്‍ നഴ്‌സായിരുന്ന ലീ ഫെങ്പിങ്ങിനെ(25)യാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. 

ആശുപത്രിയിലെ ഡോക്ടറും സഹപ്രവര്‍ത്തകനുമായിരുന്ന ലുവോ യുവാഞ്ചിയാനെയാണ് ഫെങ്പിങ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ചൂതാട്ടത്തിന് അടിമയായിരുന്ന യുവതിയ്ക്ക് ഡോക്ടറായ ലുവോ നേരത്തെ ധാരാളം പണം നല്‍കിയിരുന്നു. എന്നാല്‍ പണത്തിന് പകരം ഇയാള്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ബ്ലാക്ക്‌മെയിലിങ്ങിലൂടെ ലൈംഗികവേഴ്ചയ്ക്ക് ഇരയാക്കുന്നതും പതിവായി. ഇതോടെയാണ് ഡോക്ടറെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിച്ചത്. 

മാര്‍ച്ച് 23-ന് യുവതിയുടെ താമസസ്ഥലത്തുവെച്ചാണ് ഡോക്ടറെ കൊലപ്പെടുത്തിയത്. മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിയ യുവതി ഇത് പാചകം ചെയ്യാനും ശ്രമിച്ചു. പിന്നീട് മൃതദേഹാവശിഷ്ടങ്ങള്‍ ശൗചാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. 

മനഃപൂര്‍വ്വമായ നരഹത്യ കുറ്റത്തിനാണ് കോടതി ഫെങ്പിങ്ങിന് വധശിക്ഷ വിധിച്ചത്. ഇതോടൊപ്പം 98000 ചൈനീസ് യുവാന്‍(ഏകദേശം പത്ത് ലക്ഷം രൂപ) പ്രതി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Content Highlights: chinese nurse killed doctor gets death sentence