ബെയ്ജിങ്: ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് 27 വർഷം ജയിലിൽ കിടന്ന ചൈനീസ് പൗരന് ഒടുവിൽ മോചനം. കേസിൽ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് വടക്കൻ ചൈനയിലെ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടത്.

ഷിങ്ചിയാൻ സ്വദേശിയായ സാങ് യുവാനാണ് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 27 വർഷം ജയിലിൽ കഴിഞ്ഞത്. തെറ്റായ കോടതി വിധിയിലൂടെ ചൈനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നയാളും ഇദ്ദേഹമാണ്. 1993-ലാണ് സാങ്ങിനെ ഇരട്ടക്കൊലക്കേസിൽ പോലീസ് പിടികൂടിയത്.

1993 ഒക്ടോബറിൽ ഗ്രാമത്തിൽ രണ്ട് ആൺകുട്ടികളെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതോടെയാണ് സാങ്ങിന്റെ ദുരിതകാലം ആരംഭിക്കുന്നത്. സംഭവത്തിൽ കുട്ടികളുടെ അയൽക്കാരനായ സാങ്ങിനെ സംശയത്തിന്റെപേരിൽ പോലീസ് പിടികൂടുകയായിരുന്നു. കേസിൽ മതിയായ അന്വേഷണം നടത്താതെ സാങ്ങ് തന്നെയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു. നിരന്തരമായ മർദനത്തിനൊടുവിൽ യുവാവിനെ നിർബന്ധിച്ച് കുറ്റംസമ്മതിപ്പിക്കുകയായിരുന്നു. 1995-ൽ നാൻചാങ്ങിലെ കീഴ്കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. രണ്ട് വർഷത്തിന് ശേഷം വധശിക്ഷ ജീവപര്യന്തം കഠിനതടവായി കുറച്ചു.

ഇതിനിടെയും താൻ നിരപരാധിയാണെന്ന വാദത്തിൽ സാങ് ഉറച്ചുനിന്നു. ചോദ്യംചെയ്യലിനിടെ പോലീസ് ക്രൂരമായി മർദിച്ചെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ നിരപരാധിത്വം തെളിയിക്കാനായി സാങ്ങിന്റെ അമ്മയും ഭാര്യയും നിരന്തരം പരിശ്രമിച്ചു. ഒടുവിൽ കഴിഞ്ഞ മാർച്ചിലാണ് കേസ് പുനഃപരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.

സാങ്ങ് കുറ്റവാളിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകളില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. പ്രതിയുടെ കുറ്റസമ്മതത്തിൽ സ്ഥിരതയില്ലെന്നും കൃത്യവുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു. ഇതോടെ സാങ്ങിനെ വെറുതെവിടണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 9778 ദിവസത്തെ ജയിൽവാസത്തിന് ശേഷം സാങ്ങ് മോചിതനായത്. 83 വയസ്സുള്ള അമ്മയും മുൻഭാര്യയും സാങ്ങിനെ സ്വീകരിക്കാനെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ട് മക്കളുണ്ടായിരുന്നെങ്കിലും 11 വർഷം മുമ്പ് ഭാര്യ സോങ് ഷിയാന്യു സാങ്ങിൽനിന്നും വിവാഹമോചനം നേടിയിരുന്നു. മറ്റൊരു വിവാഹം കഴിച്ചെങ്കിലും ആദ്യഭർത്താവിന്റെ ജയിൽമോചനത്തിനായി അവസാനനിമിഷം വരെ സോങ്ങും നിയമപോരാട്ടത്തിലായിരുന്നു. കോടതി വിധിയിൽ ഏറെ ആവേശവും സന്തോഷവുമുണ്ടെന്നായിരുന്നു അവരുടെ പ്രതികരണം.

അതേസമയം, ചെയ്യാത്ത കുറ്റത്തിന് ഇത്രയും വർഷം തടവിലിട്ട സാങ്ങിന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി മർദിച്ച് കുറ്റം സമ്മതിപ്പിക്കുന്ന രീതി ചൈനയിൽ വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. ചൈനയിലെ പല പ്രവിശ്യകളിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉയ്ഗർ മുസ്ലീങ്ങൾക്കെതിരെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഇത്തരത്തിൽ ഉപദ്രവിക്കുന്നതും ശിക്ഷിക്കുന്നതും പതിവാണ്.

Content Highlights:chinese court released man from jail after 27 years court said he is innocent